കണ്ണൂർ പാർട്ടിക്ക് പുതിയ സെക്രട്ടറി; മുൻ എം.എൽ.എ ടി.വി. രാജേഷിന് സാധ്യത
text_fieldsടി.വി. രാജേഷ്, എം.വി. ജയരാജൻ
കണ്ണൂർ: എം.വി. ജയരാജൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതോടെ കണ്ണൂരിന് പുതിയ സെക്രട്ടറി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതോടെ നിലവിലെ ജില്ല സെക്രട്ടറി എം.വി. ജയരാജൻ സ്ഥാനമൊഴിയും. ഒരാഴ്ചക്കകം പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാനാണ് സാധ്യത. കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ മത്സരിക്കാൻ എം.വി. ജയരാജൻ തീരുമാനിച്ചപ്പോൾ ആക്ടിങ് സെക്രട്ടറിയായ മുൻ എം.എൽ.എ ടി.വി. രാജേഷിനെ ജില്ല സെക്രട്ടറിയായി തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതൽ.
ജില്ല സെക്രട്ടേറിയറ്റില്‍ അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുവന്നേക്കും. ടി.വി. രാജേഷ് സംസ്ഥാന സമിതിയിലും അംഗമാണ്. മുൻ എം.പിയും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ. രാഗേഷിനെയും എം. പ്രകാശൻ മാസ്റ്ററെയും പരിഗണിക്കാൻ സാധ്യതയുണ്ട്. സംസ്ഥാന സമിതി അംഗവും മുൻ ജില്ല സെക്രട്ടറിയുമായ പി. ശശിയുടെ പേരും പരിഗണിക്കപ്പെടാനിടയുണ്ട്. 2019ൽ ജില്ല സെക്രട്ടറിയായിരുന്ന പി. ജയരാജൻ വടകര ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിയായതോടെ ആക്ടിങ് സെക്രട്ടറിയായാണ് എം.വി. ജയരാജൻ എത്തുന്നത്. 2021 ഡിസംബറിൽ ജില്ല സമ്മേളനത്തിലും കഴിഞ്ഞ മാസം തളിപ്പറമ്പിൽ നടന്ന ജില്ല സമ്മേളനത്തിലും സെക്രട്ടറിയായി തിരഞ്ഞെടുത്തു.
ഔദ്യോഗികമായി രണ്ടാം ടേം തുടങ്ങി മാസങ്ങൾക്കകമാണ് സെക്രട്ടേറിയറ്റിലേക്ക് ജയരാജനെ തിരഞ്ഞെടുക്കുന്നത്. എം.വി. ജയരാജന് പുറമെ മട്ടന്നൂർ എം.എൽ.എ കൂടിയായ കെ.കെ. ശൈലജയെയും ജില്ലയിൽനിന്നു സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
കണ്ണൂർ സ്ക്വാഡ് തന്നെ
കണ്ണൂർ: കണ്ണൂരിൽനിന്നുള്ള പ്രതിനിധികളുടെ അപ്രമാദിത്വവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സമിതിയും. 17 അംഗ സെക്രട്ടേറിയറ്റിൽ കണ്ണൂരിൽനിന്ന് അഞ്ചു പ്രതിനിധികളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ എന്നിവർക്ക് പുറമെ ജില്ല സെക്രട്ടറി എം.വി. ജയരാജനും കെ.കെ. ശൈലജയുമാണ് പുതുതായി തിരഞ്ഞെടുത്ത അംഗങ്ങൾ. 89 സംസ്ഥാന സമിതി അംഗങ്ങളിൽ 17 പേർ കണ്ണൂരിൽനിന്നാണ്. സെക്രട്ടേറിയറ്റ് അംഗങ്ങൾക്കു പുറമെ പി. ജയരാജൻ, കെ.കെ. രാഗേഷ്, വി. ശിവദാസൻ, എ.എൻ. ഷംസീർ, പി. ശശി, വൽസൻ പനോളി, എൻ. ചന്ദ്രൻ, ജോൺ ബ്രിട്ടാസ്, ബിജു കണ്ടക്കൈ, വി.കെ. സനോജ്, എം. പ്രകാശൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. ജോൺ ബ്രിട്ടാസ് എം.പി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, എം. പ്രകാശൻ, ബിജു കണ്ടക്കൈ എന്നിവരാണ് പുതിയ അംഗങ്ങൾ. സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി സ്ഥാനങ്ങൾക്ക് പിന്നാലെ സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും കണ്ണൂർ കരുത്ത് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

