കണ്ണൂർ കോർപറേഷന് പുത്തൻ കെട്ടിടം; നഗരത്തിൽ നാല് വിശ്രമ കേന്ദ്രങ്ങളും
text_fieldsകോർപ്പറേഷൻ ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ മേയർ ടി.ഒ. മോഹനൻ കേക്ക് മുറിക്കുന്നു
കണ്ണൂർ: കോർപറേഷന് രണ്ടുവർഷത്തിനുള്ളിൽ പുതിയ കെട്ടിടം യാഥാർഥ്യമാകുമെന്ന് മേയർ ടി.ഒ. മോഹനൻ അറിയിച്ചു. പുതിയ കെട്ടിടത്തിന് 25.74 കോടിയുടെ ഭരണാനുമതിയായി. കെട്ടിട നിർമാണത്തിനുള്ള ടെൻഡർ ക്ഷണിക്കാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൗൺസിൽ യോഗത്തിൽ അറിയിച്ചു
കോവിഡ് സാഹചര്യത്തിൽ പൂട്ടിയിട്ട ആറ്റടപ്പ ഡയാലിസിസ് കേന്ദ്രം തുറന്നുപ്രവർത്തിക്കാൻ നടപടി സ്വീകരിക്കും. 2020 ഒക്ടോബറിൽ തുടങ്ങിയ കേന്ദ്രം 2021 ആഗസ്റ്റിലാണ് കോവിഡ് വ്യാപന സാഹചര്യത്തിൽ അടച്ചത്. കേന്ദ്രം നടത്തിപ്പിന് 'തണൽ' സ്നേഹവീട് എന്ന സംഘടനയുമായി കോർപറേഷൻ കരാറിലേർപ്പെട്ടതായി മറ്റുകൗൺസിലർമാർ യോഗത്തെ അറിയിച്ചു. ഇതേത്തുടർന്ന് ഡിസംബർ 31ന് മുമ്പായി ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കണമെന്ന് മേയർ നിർദേശിച്ചു.
നഗരത്തിൽ നാല് കേന്ദ്രങ്ങളിൽ ശൗചാലയമടക്കമുള്ള 'ടേക് എ ബ്രേക്ക്' (വിശ്രമകേന്ദ്രം) ഒരുക്കും. ലഘു ഭക്ഷണശാലകൾ ഉൾപ്പെടെ ഒമ്പത് ലക്ഷം ചെലവിട്ടായിരിക്കും കേന്ദ്രം സ്ഥാപിക്കുക. താഴെചൊവ്വ, പള്ളിക്കുന്ന് സെൻട്രൽ ജയിലിന് മുൻവശം, പയ്യാമ്പലം പാർക്കിന് സമീപം, മുണ്ടയാട് അശോക പമ്പിന് സമീപം എന്നിവിടങ്ങളിലാണ് വിശ്രമ കേന്ദ്രം ഒരുക്കുക.
പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണത്തിൽ കൗൺസിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കോർപറേഷൻ ഭരണസമിതിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മേയറുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. കൂടാതെ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണവും വസ്ത്രവും നൽകി.
റോഡ് നാമകരണം: റസി. അസോസിയേഷനുകൾക്ക് അധികാരമില്ല
കണ്ണൂർ: നഗരത്തിലെ വിവിധ ഭാഗങ്ങളിലെ റോഡുകൾക്ക് പേരുനൽകാനോ ഇതുസംബന്ധിച്ച് ബോർഡുകൾ സ്ഥാപിക്കാനോ റസിഡന്റ്സ് അസോസിയേഷന് ഒരു അധികാരവുമില്ലെന്ന് മേയർ കൗൺസിൽ യോഗത്തിൽ അറിയിച്ചു. നഗരത്തിലെ മിക്കയിടങ്ങളിലെയും ഇടറോഡുകൾക്ക് വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ പേരുനൽകി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് നിയമവിരുദ്ധമാണ്. റോഡുകൾക്ക് പേരിടാനുള്ള അധികാരം കോർപറേഷന് മാത്രമാണ്.
ഇത്തരം നടപടികൾ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കും. ഇതിനായി റവന്യൂ എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തുമെന്നും മേയർ അറിയിച്ചു.