Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 12:06 AM GMT Updated On
date_range 28 Jan 2022 12:06 AM GMTnew തലശ്ശേരിയിൽ വാഹന പാർക്കിങ്ങിന് സൗകര്യമൊരുങ്ങുന്നു
text_fieldsപാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ നടപ്പാതയിൽ ഉൾപ്പെടെ വാഹനങ്ങൾ മണിക്കൂറുകളോളം നിർത്തിയിടുന്നത് പതിവാണ് തലശ്ശേരി: നഗരത്തിൽ വാഹന പാർക്കിങ്ങിന് സൗകര്യമൊരുക്കാൻ നഗരസഭ നടപടിയാരംഭിച്ചു. തുടക്കത്തിൽ പഴയ ബസ് സ്റ്റാൻഡിൽ ജൂബിലി കോംപ്ലക്സ് പരിസരത്താണ് പേ പാർക്കിങ് സംവിധാനത്തിന് സൗകര്യമൊരുക്കുന്നതെന്ന് വൈസ് ചെയർമാൻ വാഴയിൽ ശശി പറഞ്ഞു. നഗരത്തിൽ ശാസ്ത്രീയമായ പാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ നടപ്പാതയിൽ ഉൾപ്പെടെ വാഹനങ്ങൾ മണിക്കൂറുകളോളം നിർത്തിയിടുന്നത് പതിവാണ്. നഗരത്തിലെ നടപ്പാതയടക്കം കൈയേറുന്നത് സംബന്ധിച്ച് ജനുവരി 20ന് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പാർക്കിങ്ങിന് നഗരത്തിൽ സ്ഥിര സംവിധാനമില്ലാത്തത് വ്യാപാരികളെയടക്കം വലക്കുകയാണ്. ഷോപ്പിങ്ങിനെത്തുന്നവരും മറ്റും ഗന്ത്യന്തരമില്ലാതെ തലങ്ങും വിലങ്ങുമായി റോഡിലടക്കം വാഹനങ്ങൾ നിർത്തിയിടുന്നത് പതിവുകാഴ്ചയായി. കെട്ടിടം പണിയുന്നവർ പാർക്കിങ്ങിന് മതിയായ സംവിധാനമൊരുക്കാത്തതും ഗതാഗതക്കുരുക്കിന് കാരണമായി. ഇക്കാര്യത്തിൽ പല കോണുകളിൽനിന്നും നഗരസഭക്കെതിരെ ആരോപണമുയരുന്ന സാഹചര്യമുണ്ടായി. തലശ്ശേരിയിൽ പാർക്കിങ് പ്ലാസ ഒരുക്കാനാണ് നഗരസഭ നേരത്തെ ആലോചിച്ചത്. ഇത് ചെലവേറിയതിനാൽ പദ്ധതി തുടങ്ങുന്നതിന് കാലതാമസം നേരിടുകയാണ്. നഗരത്തിലെ ഒഴിവുള്ള സ്ഥലങ്ങൾ കണ്ടെത്തി പേ പാർക്കിങ് സംവിധാനം ഒരുക്കാനാണ് ഇപ്പോഴുള്ള തീരുമാനം. പഴയ ബസ് സ്റ്റാൻഡിലെ ജൂബിലി ഷോപ്പിങ് കോംപ്ലക്സ് പരിസരത്താണ് ആദ്യമായി പാർക്കിങ്ങിന് സൗകര്യമൊരുക്കുന്നത്. ഇവിടെ പൊതുപരിപാടിക്കായി അനുവദിച്ച സ്ഥലം ഒഴിവാക്കി ബാക്കിയുള്ള സ്ഥലത്ത് ഇരുവശത്തുമായി പാർക്കിങ് സംവിധാനമൊരുക്കും. ഇതിനായി തെർമോ പ്ലാസ്റ്റിക് ഉപയോഗിച്ച് ട്രാക്ക് വരക്കുന്നതിനുവേണ്ടിയുള്ള ടെൻഡർ വിളിച്ചിട്ടുണ്ടെന്ന് വൈസ് ചെയർമാൻ പറഞ്ഞു. ടെൻഡർ നടപടികൾക്കുശേഷം ഉടൻ സംവിധാനം ഒരുക്കാനാണ് തീരുമാനം. കുടുംബശ്രീ അംഗങ്ങളെ ഇവിടെ ഇതിനായി ചുമതലപ്പെടുത്തും. പാർക്കിങ് പ്ലാസ നിർമിക്കാനുള്ള പദ്ധതി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാക്കാൻ കാലതാമസം നേരിടുന്നതിനാലാണ് ഉടൻ പേ പാർക്കിങ് സൗകര്യം ഒരുക്കുന്നത്. പുതിയ ബസ് സ്റ്റാൻഡിലും പാർക്കിങ് സൗകര്യമൊരുക്കും. സ്വകാര്യ വ്യക്തികളുടേതുൾപ്പെടെയുള്ളവരുടെ സ്ഥലം ഏറ്റെടുത്ത് പാർക്കിങ് സൗകര്യം വിപുലമാക്കാനാണ് നഗരസഭയുടെ തീരുമാനം. --------------------------- പടം ..... (MADHYAMAM IMPACT)......മാധ്യമം വാർത്ത കട്ടിങ്
Next Story