മാല മോഷണം; ഗിന്നസ് റെക്കോർഡ് ഉടമ തൃശൂർ നസീർ അറസ്റ്റിൽ
text_fieldsകണ്ണൂർ: ഗിന്നസ് െറേക്കാർഡ് ഉടമ തൃശൂർ നസീറിനെ കുട്ടിയുടെ കഴുത്തിൽനിന്ന് മാല പൊട്ടിച്ച കേസിൽ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 23നാണ് കേസിനാസ്പദമായ സംഭവം. പിണറായി പുതുശ്ശേരി മുക്കിലെ മുഹത്തരത്തിൽ പി.പി. ഷെരീഫയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഷെരീഫയുടെ ഏഴുവയസ്സുള്ള കുട്ടിയുടെ കഴുത്തിൽനിന്നാണ് ഒന്നര പവൻ തൂക്കംവരുന്ന സ്വർണമാല മോഷ്ടിച്ചതെന്ന് പരാതിയിൽ പറയുന്നു.
ഷെരീഫക്ക് ഒരു ജോലി ശരിയായിട്ടുണ്ടെന്നും അതിനായി കണ്ണൂരിലെ ഒരു ഹോട്ടലിൽ ഇൻറർവ്യൂവിന് എത്തണമെന്നും ആവശ്യപ്പെട്ട് നസീർ ഷെരീഫയുടെ ബന്ധുവിന് ഫോൺ ചെയ്തു. ഇതിെൻറ അടിസ്ഥാനത്തിലാണ് യുവതി ഭർത്താവും കുട്ടിയുമൊത്ത് കണ്ണൂരിലെത്തിയത്. ഇൻറർവ്യൂ ബോർഡിൽ പരിചയമുള്ളവരാണുള്ളതെന്നും നസീർ ഇവരെ വിശ്വസിപ്പിച്ചു.
ഇൻറർവ്യൂ നടക്കുന്ന ഹോട്ടലിെൻറ അകത്തേക്ക് യുവതിയെയും ഭർത്താവിനെയും കടത്തിവിട്ടശേഷം യുവതിയുടെ കുട്ടിയുമായി നസീർ പുറത്തിറങ്ങി. മിമിക്രി കാണിച്ചും ഐസ്ക്രീം വാങ്ങിച്ചുകൊടുത്തും സന്തോഷിപ്പിക്കുന്നതിനിടയിൽ കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നുവത്രേ. തുടർന്ന് ഇൻറർവ്യൂ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ കഴുത്തിൽനിന്നും മാല കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ഇൻറർവ്യൂ നടന്ന ഹോട്ടലിലും സമീപപ്രദേശത്തും അന്വേഷിച്ചെങ്കിലും സ്വർണമാല കണ്ടെത്താനായില്ല.
തുടർന്ന് ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് പ്രദേശത്തെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് റോഡിൽ െവച്ച് നസീർ കുട്ടിയുടെ കഴുത്തിൽനിന്ന് മാല പൊട്ടിക്കുന്ന ദൃശ്യം കണ്ടത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.