ദേശീയപാത വികസനം; കോൺക്രീറ്റ് മാലിന്യം തോടുകളിൽ തള്ളുന്നു
text_fieldsതോടിന്റെ പല ഭാഗത്തും സിമൻറ് മാലിന്യം തള്ളിയ നിലയിൽ
കല്യാശ്ശേരി: ദേശീയപാത വികസന പ്രവൃത്തി നടക്കുന്ന പ്രദേശത്തെ ബാക്കി വന്ന കോൺക്രീറ്റും മറ്റു അവശിഷ്ടങ്ങളും സമീപത്തെ തോടുകളിൽ തള്ളുന്നു. ഇത് പ്രദേശത്തെ ജലാശയങ്ങളിലും തോടുകളിലും നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കുന്നു. കല്യാശ്ശേരി വയക്കര പാലത്തിന് സമീപം ദേശീയ പാതയോരത്തെ വയക്കര തോടിന്റെ കൈവഴി തോട്ടിലാണ് ടൺ കണക്കിന് കോൺക്രീറ്റ് മാലിന്യം അലക്ഷ്യമായി തള്ളിയത്. മൂന്നാഴ്ച മുമ്പ് തള്ളിയ കോൺക്രീറ്റ് മിശ്രിതം പാറപോലെ ഉറച്ചതോടെ തോടിന്റെ നീരൊഴുക്ക് പൂർണമായും തടസ്സപ്പെട്ട നിലയിലാണ്.
നീരൊഴുക്ക് തടസ്സപ്പെട്ടതോടെ വെള്ളം കെട്ടി നിന്ന് പ്രദേശത്താകെ ദിവസങ്ങളായി ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമായി. ഇതേതുടർന്ന് നാട്ടുകാർ പരാതിയും പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ദേശീയപാത പ്രവൃത്തിയുടെ കരാറുകാർ തോട്ടിൽ തള്ളിയ മാലിന്യം മാറ്റാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അഞ്ച് ടണ്ണിലധികം കോൺക്രീറ്റ് മിശ്രിതം തോടിന്റെ പത്ത് മീറ്ററോളം ഭാഗത്താണ് തള്ളിയത്. സമാന രീതിയിൽ പലപ്പോഴും കോൺക്രീറ്റ് അവശിഷ്ടം പാതയോരത്തും പൊതു സ്ഥലത്തും തള്ളുന്നതും പതിവാണ്.
ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ പരിശോധന ഇല്ലാത്തതാണ് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. തൊഴിലാളികൾ അവർക്ക് തോന്നും വിധം മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ ദേശീയപാത അധികൃതരുടെ കർശന നിർദേശം വേണമെന്നും സാമൂഹിക രാഷ്ട്രീയ കേന്ദ്രങ്ങൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

