ദേശീയപാത വികസനം: പുഴയിലിട്ട മണ്ണ് ആര് മാറ്റും?
text_fieldsപുതിയ പാലം നിർമിക്കാൻ പുഴയിലിട്ട മണ്ണ് നീക്കം ചെയ്യാതെ കിടക്കുന്നു
പയ്യന്നൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയ പാലം പണിയാൻ പുഴയിലിട്ട മണ്ണ് പാലം പൂർത്തിയായി രണ്ടാം വർഷവും നീക്കിയില്ല. ഇത് സമീപ ഗ്രാമങ്ങളിലെ കനത്ത വെള്ളപ്പൊക്ക ഭീഷണിക്ക് കാരണമാവുകയാണ്.
പെരുമ്പ പുഴയിൽ പുതിയ പാലം പണിക്കുവേണ്ടി പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്താനാണ് മണ്ണിട്ട് നികത്തിയത്. വൻതോതിൽ മണ്ണിറക്കിയാണ് പാലത്തിന്റെ കോൺക്രീറ്റ് തൂണുകൾ ഉറപ്പിച്ചത്. ഈ മണ്ണ് നീക്കം ചെയ്യാതെ രണ്ടാം വർഷവും പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തിക്കിടക്കുകയാണ്. കഴിഞ്ഞ മഴക്കാലത്ത് ഈ മണ്ണ് നീക്കിയിരുന്നില്ല. ഈ മഴക്കാലത്തിന് മുമ്പ് നീക്കം നീക്കം ചെയ്യുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും കാലവർഷം പടിവാതിൽക്കൽ എത്തിയിട്ടും നീക്കംചെയ്യാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കുകയാണ്.
കഴിഞ്ഞ വർഷം ചിറ്റാരിക്കൊവ്വൽ മുതൽ പങ്ങടം വരെയുള്ള ഇരുഭാഗങ്ങളിലും പ്രളയ സമാനമായ അവസ്ഥയാണ് ഉണ്ടായത്. പല റോഡുകളും വെള്ളത്തിൽ മുങ്ങി. നിരവധി വീടുകളിൽ വെള്ളം കയറി താമസിക്കാൻ പറ്റാതായി.
ഇത്തവണയും ഇതായിരിക്കും സ്ഥിതിയെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ തവണയുണ്ടായ വെള്ളക്കെട്ടിൽ നിരവധി വീട്ടു കാർക്ക് മാറിത്താമസിക്കേണ്ടിയും വന്നിരുന്നു.
പഴയപാലവും പെരുമ്പ ടൗണും ഒഴിവാക്കിയാണ് പുതിയ ദേശീയപാത എടാട്ടുനിന്നു മാറി വെള്ളൂരിൽ ചേരുന്നത്. ഈ പാതയിലാണ് പുതിയ പാലം വന്നത്. പാലത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും അനുബന്ധ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇതിനിടയിൽ കഴിഞ്ഞ മഴക്കാലത്ത് മണ്ണിട്ട് ഉയർത്തിയ പാതയുടെ സംരക്ഷണഭിത്തിയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ചതുപ്പുനിലത്തു കൂടിയാണ് പാത പോകുന്നത്. ഇതും നിരവധി ചെറുതോടുകൾ വഴി മാറ്റിയതും വെള്ളക്കെട്ടിനും ബലക്ഷയത്തിനും കാരണമാവുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

