ദേശീയപാത വികസനം: സമരങ്ങൾ ഫലം കണ്ടു; എടക്കാടും നടാലും അടിപ്പാത
text_fieldsഎടക്കാട്: ദേശീയപാത വികസനം തകൃതിയായി നടക്കുന്നതിനിടെ എടക്കാടും നടാലും നടന്നുവരികയായിരുന്ന ജനകീയ സമരത്തിന് ഫലം കണ്ടു. രണ്ടിടങ്ങിലും അടിപ്പാത നിർമിക്കും.
ജില്ലയിൽ അടിപ്പാത നിർമിക്കുന്ന ലിസ്റ്റിൽ എടക്കാടും നടാലും ഇടംപിടിച്ചു. എന്നാൽ കുളംബസാർ ലിസ്റ്റിലില്ല. കർമ സമിതിയുടെ നേതൃത്വത്തിൽ എടക്കാടും ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടാലിലുമായിരുന്നു വൻപ്രതിഷേധങ്ങൾ നടന്നിരുന്നത്. നേരത്തേ തീരുമാനിച്ച പ്രകാരം മുഴപ്പിലങ്ങാട് എഫ്.സി.ഐക്ക് സമീപം അടിപ്പാതയുണ്ട്.
എടക്കാട് ടൗണിൽ ഏഴു മീറ്റർ ഉയരത്തിലും നാലു മീറ്റർ വീതിയിലുമാണ് അടിപ്പാത നിർമിക്കുക. നടാലിലെ അടിപ്പാത ഊർപഴക്ഷി കാവിന് സമീപത്തായി ഏഴു മീറ്റർ ഉയരത്തിലും മൂന്നു മീറ്റർ വീതിയിലുമാണ് നിർമിക്കുക.
അടിപ്പാതക്ക് വേണ്ടി നിരന്തര സമരങ്ങളാണ് ഇവിടങ്ങളിൽ നടന്നത്. എന്നാൽ ഇതുപോലെ സമരം നടത്തിയ കുളം ബസാറിൽ അടിപ്പാത നിർമിക്കുന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
പുതിയ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് നിലവിലെ യാത്ര സൗകര്യം ഇല്ലാതാവുന്നതിനാലാണ് വിവിധയിടങ്ങളിൽ അടിപ്പാതക്ക് വേണ്ടിയുള്ള വ്യാപക സമരങ്ങൾ നടന്നത്.
കുളം ബസാറിൽ അടിപ്പാതയുടെ ഉറപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും കിട്ടിയതായി സമരസമിതി നേതാക്കൾ അറിയിച്ചെങ്കിലും പുതിയ വിവരണത്തിൽ കുളം ബസാർ ചിത്രത്തിലില്ലാത്തത് ഇവിടത്തെ യാത്രാക്ലേശത്തെ സാരമായി ബാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ അടിപ്പാതക്ക് വേണ്ടിയുള്ള സമരം തുടരുമെന്ന് നാട്ടുകാർ പറഞ്ഞു.
നിലവിൽ എടക്കാട് റെയിൽേവ സ്റ്റേഷന് മുന്നിലെ അടിപ്പാതയുടെ നിർമാണം പൂർത്തീകരിച്ചിരുന്നു. മറുവശത്തെ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

