ഷോക്കടിപ്പിച്ച് കെ.എസ്.ഇ.ബി; ദേശീയപാത നവീകരണം ഇഴയുന്നു
text_fieldsകണ്ണൂർ: ദേശീയപാത നവീകരണത്തിന് വിലങ്ങുതടിയായി വീണ്ടും കെ.എസ്.ഇ.ബി. നവീകരണത്തിെൻറ ഭാഗമായി താഴെ ചൊവ്വ മുതൽ നടാൽ ഗേറ്റ് വരെയുള്ള റീച്ചിെൻറ അവസാനഘട്ട മിനുക്കുപണിക്ക് തടസ്സമാക്കിയാണ് കെ.എസ്.ഇ.ബിയുടെ ഒടുവിലത്തെ നടപടി.
ഈ ഭാഗത്ത് അവസാനഘട്ട ടാറിങ്ങിന് തടസ്സമായി വൈദ്യുതി തൂണുകൾ സ്ഥിതിചെയ്യുന്നുണ്ട്. ഇവ മാറ്റിയാൽ മാത്രമേ ടാറിങ് പൂർത്തിയാവൂ. തൂണുകൾ മാറ്റാനായി ദേശീയപാത അധികൃതർ കെ.എസ്.ഇ.ബിക്ക് പണമടച്ചിട്ട് കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും നടപടിയായില്ല. ഇതേ തുടർന്ന് ടാറിങ് രണ്ടുദിവസമായി നിർത്തിവെച്ചിരിക്കുകയാണ്.
തോട്ടട മുതൽ താഴെ ചൊവ്വ വരെയുള്ള ഭാഗത്ത് 23 തൂണുകളാണുള്ളത്. ഇവ മാറ്റിയാൽ മാത്രമേ പ്രവൃത്തി പൂർത്തിയാക്കാനാവൂ. റോഡ് വീതികൂട്ടിയപ്പോൾ അപകടമുണ്ടാക്കും വിധം റോഡിലേക്ക് കയറിയാണ് തൂണുകളുടെ സ്ഥാനം. തൂണുകൾ മാറ്റാതെ പ്രവൃത്തി പൂർത്തിയാക്കിയാൽ അപകട സാധ്യതയേറെയാണ്. ടാറിങ്ങിനും ബുദ്ധിമുട്ട് സൃഷ്ടിക്കും. നേരത്തേ ഭൂഗർഭ കേബ്ൾ ഇടുന്നതിെൻറ ഭാഗമായി കെ.എസ്.ഇ.ബി കുഴിച്ച കുഴികൾ മേലെ ചൊവ്വ മുതൽ ചേംബർ ഓഫ് കോമേഴ്സ് വരെ കോൾഡ് മില്ലിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ടാറിങ്ങിന് വെല്ലുവിളിയായിരുന്നു.
ദേശീയപാത നവീകരണത്തിനനുസരിച്ച് കേബ്ൾ കുഴിയടക്കൽ പൂർത്തിയാക്കാനാവില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചതോടെ ദേശീയപാത വിഭാഗംതന്നെ ഈ പ്രവൃത്തി ഏറ്റെടുത്തു നടപ്പാക്കി. പ്രവൃത്തി പൂർത്തീകരിച്ച് നികത്തിയ കുഴികൾക്ക് മേലെയുള്ള ടാറിങ്ങും കഴിഞ്ഞ് ജനുവരി നാലിനാണ് കോൾഡ് മില്ലിങ് പുനരാരംഭിക്കാനായത്. 36 വലിയ കുഴികളാണുണ്ടായത്. സമയബന്ധിതമായി നീങ്ങുന്ന നവീകരണപ്രവൃത്തിക്ക് വെല്ലുവിളിയായാണ് കെ.എസ്.ഇ.ബിയുടെ നടപടി.
കുഴിയടച്ച വകയിൽ പണം കെ.എസ്.ഇ.ബി നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ തുക കൈമാറിയില്ല. നേരത്തേ, ബിറ്റുമിെൻറ ദൗർലഭ്യം നേരിടുന്നതിനാൽ താഴെ ചൊവ്വ-നടാൽ ദേശീയപാതയുടെ മിനുക്കുപണി വൈകിയിരുന്നു. ടാറിങ് കഴിഞ്ഞ ഭാഗത്ത് സുരക്ഷാ മുൻകരുതലിെൻറ ഭാഗമായി സീബ്രലൈൻ വരയൽ പുരോഗമിക്കുകയാണ്. അതിനുശേഷം സ്റ്റഡ് വെക്കൽ തുടങ്ങും. കാൽടെക്സ്- താഴെ ചൊവ്വ ഗേറ്റ്, താഴെ ചൊവ്വ ഗേറ്റ് -നടാൽ ഗേറ്റ്, നടാൽ ഗേറ്റ് -കൊടുവള്ളി എന്നിങ്ങനെ മൂന്ന് റീച്ചുകളായാണ് ദേശീയപാത നവീകരണം നടത്തിയത്. ഇതിൽ ആദ്യത്തെയും മൂന്നാമത്തെയും റീച്ചുകൾ ജർമൻ സാങ്കേതികവിദ്യയായ കോൾഡ് മില്ലിങ് ഉപയോഗിച്ചാണ് ടാർ ചെയ്തത്. തോട്ടട മുതൽ താഴെ ചൊവ്വ വരെയുള്ള വൈദ്യുതി തൂണുകൾ മാറ്റിയതിനുശേഷം ടാറിങ് പുനരാരംഭിക്കാനായാൽ രണ്ടു ദിവസത്തിനകം മിനുക്കുപണി പൂർത്തിയാക്കാനാവും.