ദേശീയപാത നിർമാണം; ചെങ്കളയിൽ ആത്മഹത്യഭീഷണി ഉയർത്തി കുടുംബം
text_fieldsദേശീയപാത നിർമാണക്കമ്പനി അധികൃതർ പൊളിക്കാനെത്തിയ എം.ടി. അബ്ദുൽ ബഷീറിന്റെ വീട്
കാസർകോട്: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വീട് പൊളിക്കാനെത്തിയ അധികൃതരുടെ മുന്നിൽ ആത്മഹത്യ ഭീഷണിയുമായി ചെങ്കള ബേവിഞ്ചയിലെ കുടുംബം. നഷ്ടപരിഹാരം അനുവദിക്കാതെ പൊലീസ് സന്നാഹത്തോടെ വീട് പൊളിക്കാനായിരുന്നു ശ്രമം. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പൊളിക്കേണ്ടതിന്റെ ഭാഗം മാർക്ക് ചെയ്തിരുന്നുവെന്ന് വീട്ടുടമായ എം.ടി. അബ്ദുൽ ബഷീർ ചൂണ്ടിക്കാട്ടുന്നു. പൊലീസ് സന്നാഹത്തോടെ നിർമാണമേറ്റെടുത്ത കമ്പനി വീട് പൊളിച്ചു മാറ്റാനെത്തിയതോടെയാണ് അബ്ദുൽ ബഷീറും കുടുംബവും ആത്മഹത്യഭീഷണിയുമായി ഇറങ്ങിയത്. ഞായറാഴ്ച രാവിലെയാണ് മണിക്കൂറോളം ആശങ്കയിലാക്കിയ സംഭവം അരങ്ങേറിയത്.
ബേവിഞ്ചയിലെ കരാറുകാരൻ എം.ടി. അബ്ദുൽ ബഷീറിന്റെ വീടിന്റെ മുൻഭാഗത്തെ നാലു കോൺക്രീറ്റ് തൂണുകളും സിറ്റൗട്ടും മുകൾനിലയിലെ കിടപ്പുമുറികളുമാണ് ദേശീയപാതക്കായി പൊളിച്ചുനീക്കേണ്ടത്. എന്നാൽ, കെട്ടിടം ഭാഗികമായി പൊളിച്ചു മാറ്റുകയാണെങ്കിൽ അവശേഷിക്കുന്ന ഭാഗത്ത് താമസിക്കാൻ കഴിയാതെ വരുമെന്നുകാട്ടി ഇതിൽ പൊതുമരാമത്ത് വകുപ്പ് എൻജിനീയറും എൽ.എ ദേശീയപാത സ്പെഷൽ ഡെപ്യൂട്ടി കലക്ടറും തഹസിൽദാറും റിപ്പോർട്ട് നൽകിയിരുന്നു. കൂടാതെ, കലക്ടർ നിയോഗിച്ച ആറംഗസമിതിയും സമാന റിപ്പോർട്ടാണ് വിഷയത്തിൽ നൽകിയത്. ഇതിൽ നഷ്ടപരിഹാരം നൽകണമെന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കലക്ടറും നിർദേശം നൽകിയിരുന്നു. ദേശീയപാത അധികൃതർ പൂർണമായ നഷ്ടപരിഹാരം നൽകുന്നതിന് തയാറായില്ല. ഇതുസംബന്ധിച്ച തർക്കം പിന്നീട് കോടതിയിലെത്തുകയായിരുന്നു.
അതേസമയം, നഷ്ടപരിഹാരത്തിൽ തീരുമാനമാകാതെ ആറുമാസം മുമ്പ് വീട്ടുമതിൽ പൊളിച്ചുനീക്കാൻ വന്ന നിർമാണ കമ്പനി ജീവനക്കാരെ തടഞ്ഞതിന് ജനപ്രതിനിധികളെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതേത്തുടർന്ന് നഷ്ടപരിഹാരത്തിനായി കുടുംബം ഹൈകോടതിയ സമീപിച്ച് സ്റ്റേ ഉത്തരവും നേടി.
സ്റ്റേ ഉത്തരവ് നീങ്ങിയതായി പറഞ്ഞ് നിർമാണ കമ്പനി അധികൃതർ ശനിയാഴ്ച രാത്രി പൊലീസ് സന്നാഹവുമായി സ്ഥലത്തെത്തുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടിയതോടെ ശനിയാഴ്ച രാത്രി നിർമാണകമ്പനി പിന്മാറിയിരുന്നു. നിരവധി മണ്ണുമാന്തി യന്ത്രങ്ങളുമായി പൊലീസ് സന്നാഹത്തോടെയാണ് കമ്പനി ജീവനക്കാരും ദേശീയപാത അതോറിറ്റി ജീവനക്കാരും സ്ഥലത്തെത്തിയതുകയും പണി തുടങ്ങുകയും ചെയ്തത്.
വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് പണി തുടരവേയാണ് വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിൽ ഗ്യാസ് കുറ്റിയും പെട്രോൾ നിറച്ച കുപ്പിയുമായി കയറി കുടുംബാംഗങ്ങൾ വാതിലടച്ച് ആത്മഹത്യഭീഷണി മുഴക്കിയത്. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയടക്കം ജനപ്രതിനിധികൾ സ്ഥലത്തെത്തുകയും തൽക്കാലം വീട്ടിലെ നിർമാണ പ്രവൃത്തി തുടരില്ലെന്നുള്ള ഉറപ്പിലാണ് പ്രശ്നം തീർത്തത്. തിങ്കളാഴ്ച ഇതുസംബന്ധിച്ച് കലക്ടറേറ്റിൽ പ്രശ്നപരിഹാരത്തിനായി യോഗം നടക്കുമെന്നാണ് അറിയുന്നത്. ഈ യോഗത്തിലും ന്യായമായ നഷ്ടപരിഹാരം ലഭിക്കാത്തപക്ഷം പ്രതിഷേധം തുടരുമെന്നാണ് അബ്ദുൽ ബഷീറും കുടുംബവും അധികൃതരെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

