എൻ. ഉണ്ണികൃഷ്‌ണൻ പുരസ്‌കാരം വള്ളിയോട്ടുവയൽ പാടശേഖരത്തിന് സമ്മാനിച്ചു
text_fieldsതായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം ഏർപ്പെടുത്തിയ എൻ. ഉണ്ണികൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം വള്ളിയോട്ടുവയൽ പാടശേഖരസമിതിക്ക് ടി. ശശിധരൻ സമ്മാനിക്കുന്നു
മയ്യിൽ (കണ്ണൂർ): തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയം അന്തരിച്ച സാമൂഹ്യപ്രവർത്തകൻ എൻ. ഉണ്ണികൃഷ്‌ണന്‍റെ സ്‌മരണാർഥം ഏർപ്പെടുത്തിയ പുരസ്‌കാരം കർഷകകൂട്ടായ്‌മയായ വള്ളിയോട്ടുവയൽ പാടശേഖരസമിതിക്ക് സമ്മാനിച്ചു. പതിനായിരം രൂപയും പ്രശസ്‌തിപത്രവുമാണ് പുരസ്‌കാരം. പുരസ്‌കാര സമർപ്പണസമ്മേളനം ടി. ശശിധരൻ ഉദ്‌ഘാടനം ചെയ്‌തു.
ഇന്ത്യയുടെ ആത്മാവായ വൈവിധ്യങ്ങളെ അടർത്തിമാറ്റാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ശശിധരൻ പറഞ്ഞു. പല വർണങ്ങളെ മായ്‌ച്ചുകളഞ്ഞ് കാവിയെ അടിച്ചേൽപ്പിക്കുകയാണ്. ഇതരമതസ്ഥരെ ആട്ടിപ്പായിച്ചും ആത്മധൈര്യം ചോർത്തിയും ആധിപത്യമുറപ്പിക്കാനാണ് ഫാഷിസത്തിന്‍റെ ശ്രമമമെന്നും ശശിധരൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. റിഷ്‌ന അധ്യക്ഷത വഹിച്ചു.
(വി.വി. ഗോവിന്ദന്‍റെ കഥാസമാഹാരം 'ഇട്ടൻഗോട്ടിയിലെ ബാബ' ടി.പി. വേണുഗോപാലൻ പ്രകാശനം ചെയ്യുന്നു)
സഫ്‌ദർ വനിതാവേദി സുഗതകുമാരിയുടെ സ്‌മരണക്കായി ഏർപ്പെടുത്തിയ 'രാത്രിമഴ' സാഹിത്യപുരസ്‌കാരം കഥാവിഭാഗത്തിൽ ലിൻസി വർക്കി (കെന്‍റ്, യു.കെ), കവിതാവിഭാഗത്തിൽ എം. സൂര്യജ (ഗവേഷക, കാലിക്കറ്റ് സർവകലാശാല), അനുഭവം വിഭാഗത്തിൽ നസ്രി നമ്പ്രം (മുണ്ടേരി, കണ്ണൂർ) എന്നിവർക്ക് എഴുത്തുകാരി ഡോ. ആർ. രാജശ്രീ സമ്മാനിച്ചു.
രാത്രിമഴ സാഹിത്യമത്സരത്തിലെ തെരഞ്ഞെടുത്ത കൃതികൾ ഉൾപ്പെടുത്തി ജി.വി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'പെണ്ണൊരുമ–- അതിജീവനത്തിന്‍റെ അക്ഷരങ്ങൾ', വി.വി ഗോവിന്ദന്‍റെ കഥാസമാഹാരം 'ഇട്ടൻഗോട്ടിയിലെ ബാബ' എന്നീ പുസ്‌തകങ്ങൾ സാഹിത്യഅക്കാദമി അംഗം ടി.പി. വേണുഗോപാലൻ പ്രകാശിപ്പിച്ചു.
(തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം വനിതാവേദി പ്രസിദ്ധീകരിക്കുന്ന 'പെണ്ണൊരുമ' പുസ്‌തകം ഡോ. ആർ. രാജശ്രീ പ്രകാശിപ്പിക്കുന്നു)
വിജിലൻസ് ആൻഡ് ആന്‍റി കറപ്‌ഷൻ ബ്യൂറോയുടെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള പുരസ്‌കാരം നേടിയ ഗ്രന്ഥാലയം പ്രവർത്തക സമിതി അംഗം എം. ഷൈജുവിന് ടി. ശശിധരൻ ഉപഹാരം നൽകി. ലൈബ്രറി കൗൺസിൽ താലൂക്ക് എക്‌സിക്യുട്ടീവ് അംഗം പി. പ്രശാന്തൻ, ജി.വി. രാകേഷ്, കെ. നാരായണൻ, കെ.സി. ശ്രീനിവാസൻ, പി.പി. സതീഷ് കുമാർ എന്നിവർ സംസാരിച്ചു.