യുവതിയുടെ മരണത്തിൽ ദുരൂഹത; ഖബറിടം തുറന്ന് പരിശോധിച്ചു
text_fieldsകണ്ണൂർ സിറ്റി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ യുവതിയുടെ ഖബറിടം തുറന്ന് പരിശോധിക്കാൻ പൊലീസിെൻറ നേതൃത്വത്തിലുള്ള സംഘമെത്തിയപ്പോൾ
കണ്ണൂർ: യുവതിയുടെ മരണത്തിൽ സംശയമുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഖബർ തുറന്ന് പരിശോധിച്ചു. കണ്ണൂർ സിറ്റിയിലാണ് സംഭവം. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി അലിയുടെ മകൾ താഹിറ(37യാണ് മാനസിക അസ്വാസ്ഥ്യത്തിൽ ചികിത്സയിലായിരിക്കെ കർണാടക സിദ്ധാപുരത്തെ ശിഫാ കേന്ദ്രത്തിൽ മരിച്ചത്.
തുടർന്ന് യുവതിയുടെ ഭർത്താവ് ആംബുലൻസിൽ മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു. എന്നാൽ, മരണവിവരം ഇയാൾ ബന്ധുക്കളെ അറിയിക്കുകയോ പോസ്റ്റുമോർട്ടം നടത്തുകയോ ചെയ്യാതെ കണ്ണൂർ സിറ്റി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കുകയായിരുന്നുവെന്ന് കണ്ണൂർ സിറ്റി പൊലീസ് അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് ഖബറടക്കം നടന്നത്.
സംഭവത്തിൽ സംശയം തോന്നിയ യുവതിയുടെ ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് സിറ്റി പൊലീസിെൻറ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകീട്ട് ഖബറിടം തുറന്ന് പരിശോധിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച കോവിഡ് ടെസ്റ്റിന് ശേഷം പോസ്റ്റുമോർട്ടം നടക്കും. യുവതിയുടെ തലക്ക് ആഴത്തിലുള്ള മുറിവുണ്ടെന്നും ചോര വാർന്നിറങ്ങിയതായി സംശയമുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തിരിക്കുകയാണ്.