മഴ; വെള്ളക്കെട്ടും ചളിയും നിറഞ്ഞ് പാതകൾ
text_fieldsവെള്ളിയാഴ്ച മഴയെ തുടർന്ന് വെള്ളക്കെട്ടിലായ പ്രദേശം
മുഴപ്പിലങ്ങാട്: വെള്ളിയാഴ്ച പുലർച്ച പെയ്ത വേനൽ മഴയിൽ ദേശീയപാതയുൾപ്പെടെ വെള്ളക്കെട്ടിലുംചളിയിലും അമർന്നു. ദേശീയപാത നിർമാണത്തിനായി കൊണ്ടുവന്ന ചെമ്മണ്ണ് മഴയിൽ ഒലിച്ചിറങ്ങി റോഡിലെത്തിയതോടെയാണ് ചളിയായി മാറിയത്.
എടക്കാട് നിന്നുമിറങ്ങുന്ന ബീച്ച് റോഡും വെള്ളക്കെട്ടിലും ചളിയിലുമായത് കാൽനടക്കാർക്കുൾപ്പെടെ ദുരിതമായി. നിലവിലെ ദേശീയപാതക്കരികിലായി നിർമിച്ച ഓവുചാലിലേക്ക് കൃത്യമായി വെള്ളം ഒഴുകിപ്പോകാത്തതും വെള്ളം റോഡിൽ തന്നെ തങ്ങിനിൽക്കുന്നതിന് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. മുഴപ്പിലങ്ങാട് മഠം മുതൽ എടക്കാട് വരെ ഇത്തരത്തിൽ വെള്ളക്കെട്ടുകൾ വന്നത് വലിയ ദുരിതമായതായി നാട്ടുകാർ പറയുന്നു.
മഴയുടെ തുടക്കത്തിൽ തന്നെ ഇങ്ങനെയാണെങ്കിൽ കാലവർഷം ശക്തിപ്പെട്ടാൽ പ്രദേശത്ത് വലിയ വെള്ളക്കെട്ടുകൾ രൂപപ്പെടുമെന്ന ആശങ്ക നിലനിൽക്കുകയാണ്.