മുഴപ്പിലങ്ങാട്: ദേശീയപാത വികസനത്തിന് വേണ്ടി കടമ്പൂർ, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലെ അവശേഷിക്കുന്ന വ്യാപാര സ്ഥാപനങ്ങളും വീടുകളും ആരാധനാലയങ്ങളും ഉൾപ്പെടെ ദ്രുതഗതിയിൽ പൊളിച്ചുതുടങ്ങി. നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് സമരരംഗത്ത് പ്രവർത്തിച്ച നാഷനൽ ഹൈവേ ആക്ഷൻ കൗൺസിൽ ജില്ല വൈസ് പ്രസിഡന്റുകൂടിയായ കെ.കെ. ഉത്തമന്റെ തുയ്യത്ത് തറവാട് വീടാണ് ഏറ്റവും അവസാനമായി ഒഴിഞ്ഞുകൊടുത്തത്.
കടമ്പൂർ പഞ്ചായത്ത് ഏടക്കാട് മുതൽ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ശ്രീനാരായണ മഠം വരെ ഒഴിഞ്ഞ് കൊടുത്ത ഭൂരിഭാഗം കെട്ടിടങ്ങളും പൊളിച്ചു. ഒഴിഞ്ഞു കൊടുത്ത ഒരു വ്യാപാരിക്കും സർക്കാർ തലത്തിൽ നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ പറഞ്ഞു. പലരും വിവിധ ഇടങ്ങളിലേക്ക് സ്ഥാപനങ്ങൾ പറിച്ചു നട്ടെങ്കിലും കുളം ബസാർ ശൂന്യമായിരിക്കുകയാണെന്നും സമിതി നേതാക്കൾ പറഞ്ഞു. വികസനം പൂർണമാവുന്നതോടെ മുഴപ്പിലങ്ങാടിന് പുതിയ മുഖം തെളിയുമെന്ന പ്രതീക്ഷയാണുള്ളതെന്ന് വ്യാപാരികളും നാട്ടുകാരും പറഞ്ഞു.