മുഴപ്പിലങ്ങാട്: കുടുംബശ്രീ ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തെ തുടർന്ന് സി.പി.എം പാർട്ടിചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച മുഴപ്പിലങ്ങാട് പഞ്ചായത്ത് ആറാം വാർഡംഗം കെ.പി. രാജമണി സ്ഥാനം രാജിവെച്ചു. വ്യാഴാഴ്ച പത്തോടെ പഞ്ചായത്ത് ഓഫിസിലെത്തി ഇവർ സെക്രട്ടറിക്ക് രാജിക്കത്ത് നൽകുകയായിരുന്നു.
തീരദേശ വികസനത്തിനായി പിന്നാക്ക വികസന കോർപറേഷൻ അനുവദിച്ച ഏഴുലക്ഷം രൂപ ഭാരവാഹികളോ അംഗങ്ങളോ അറിയാതെ ഇവർ പിൻവലിച്ചതായി ഡി.സി.എസ് ഭാരവാഹികൾ കഴിഞ്ഞദിവസം പൊലീസിലും വിജിലൻസിലും പരാതി നൽകിയിരുന്നു. രാജിവെച്ചെങ്കിലും പരാതിയുമായി ബന്ധപ്പെട്ട അന്വേഷണം നേരിടേണ്ടിവരുമെന്നാണ് സൂചന.
ഇതിനിടെ സി.പി.എം എടക്കാട് ഏരിയയില്‍ മുഴപ്പിലങ്ങാട് കടവ് ബ്രാഞ്ച് അംഗമായ രാജമണിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി ജില്ല കമ്മിറ്റി അറിയിച്ചു. പാര്‍ട്ടിയുടെ യശസ്സിന് കളങ്കംവരുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായാണ് ജില്ല കമ്മിറ്റിയുടെ വിശദീകരണം.
ഇവർ രാജിവെച്ചതോടെ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഭരണം ത്രിശങ്കുവിലായി. നിലവിൽ 15 അംഗ ഭരണസമിതിയിൽ സി.പി.എമ്മിെൻറ ഒരാൾ രാജിവെച്ചതോടെ സി.പി.എം -5, യു.ഡി.എഫ് -5, എസ്.ഡി.പി.ഐ -4 എന്നിങ്ങനെയാണ് കക്ഷി നില.15 അംഗ ഭരണസമിതിയിൽ ആറുപേരെ സി.പി.എമ്മിന് വിജയിപ്പിക്കാനായതോടെ പാർട്ടി വലിയ ഒറ്റക്കക്ഷിയായി മാറുകയായിരുന്നു.