മുഴപ്പിലങ്ങാട് ബീച്ചിൽ നടപ്പാതക്കും ഇനി ഫീസ്
text_fieldsനടപ്പാതയിൽ കയറാൻ ഫീസ് അടക്കാൻ വരി നിൽക്കുന്നവർ
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ബീച്ചിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഭാഗമായി നിർമിച്ച 'വാക് വേ'യിൽ (നടപ്പാത) കയറുന്നതിന് സന്ദർശകരിൽനിന്ന് ഫീസ് ഈടാക്കുന്നു. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മുഴപ്പിലങ്ങാട് കുളം ഭാഗത്തും എടക്കാട് ഭാഗത്തും ഓരോ ടിക്കറ്റ് കൗണ്ടറും എട്ട് ജീവനക്കാരെയും നിയമിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് സന്ദർശകരിൽനിന്ന് ഫീസ് ഈടാക്കിത്തുടങ്ങിയത്. ആദ്യ ദിവസം നാട്ടുകാർ ഇതിനെതിരെ പ്രതിഷേധിച്ചപ്പോൾ നിർത്തിവെക്കുകയും പിന്നീട് ഞായറാഴ്ച പുനരാരംഭിക്കുകയും ചെയ്തു. ബീച്ചിലെത്തുന്ന സന്ദർശകർക്ക് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളോ, എത്തിപ്പെടാനുള്ള റോഡുകളോ ഇല്ലെന്നിരിക്കെ ഫീസ് പിരിക്കാൻ പാടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ശുദ്ധജല ലഭ്യതയൊ ആവശ്യത്തിനുള്ള ശുചിമുറിയോ നിലവിലില്ല.
ടൂറിസം വകുപ്പ് കരാർ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഫീസ് ഈടാക്കുന്നതെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞു. മുഴപ്പിലങ്ങാട് ബീച്ചിൽ വാഹനമിറക്കുന്നതിനും ടോൾ പിരിക്കുന്നുണ്ട്. ഇതിന് പുറമെ നടപ്പാതക്കും ഫീസ് ഈടാക്കുന്നത് സന്ദർശകരോടുള്ള വഞ്ചനയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

