നാളെ നാളെ... നീളെ നീളെ...; മുഴപ്പിലങ്ങാട് -മാഹി ബൈപാസ് പണി ഇക്കൊല്ലവും തീരില്ല
text_fieldsകണ്ണൂർ: വടക്കേ മലബാറിന്റെ ഗതാഗതക്കുരുക്കഴിക്കാനൊരുങ്ങുന്ന മുഴപ്പിലങ്ങാട് -മാഹി ബൈപാസ് ഈ വർഷവും പൂർത്തിയാവില്ല. പാലയാട് -ബാലം, മാഹി റെയിൽവേ മേൽപാലങ്ങളുടെ നിർമാണമാണ് ഇഴയുന്നത്. ബാലം മേൽപാലത്തിന്റെ നീളം വർധിപ്പിക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല. മഴക്കുശേഷമേ പണി തുടങ്ങാനാവൂ.
വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പാലത്തിന്റെ നീളം വർധിപ്പിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളടക്കം രംഗത്തെത്തിയത്.
നിലവിലെ പാലത്തിന് ശേഷമുള്ള സ്ഥലത്ത് മണ്ണിട്ട് ഉയർത്തുന്നതിന് പകരം 270 മീറ്റർ കൂടി പാലംതന്നെ പണിയണമെന്ന് ആവശ്യമുണ്ടെങ്കിലും രണ്ട് സ്പാനുകളുടെ മാത്രം പ്രവൃത്തി തുടങ്ങാനുള്ള അനുമതിയാണ് ലഭിച്ചത്. ബാക്കിയുള്ള ഭാഗം മണ്ണിട്ട് ഉയർത്താനാണ് സാധ്യത.
2018ലെ മഴക്കാലത്ത് ഈ ഭാഗത്ത് വെള്ളമുയർന്നിരുന്നു. പാലം നിർമാണവുമായി ബന്ധപ്പെട്ട് തടയണ കെട്ടിയതിനാലാണ് വെള്ളമുയർന്നതെന്നും പൂർണമായി തൂണുകളിൽ പാത നിർമിക്കുന്നതിന് സാങ്കേതിക ആവശ്യകതയില്ലെന്നുമാണ് വിദഗ്ധരുടെ പക്ഷം.
മാഹിക്കും മുക്കാളിക്കും ഇടയിൽ 150 മീറ്റർ നീളത്തിൽ നിർമിക്കുന്ന റെയിൽവേ മേൽപാലം പ്രവൃത്തി മാസങ്ങളായി ഇഴയുകയാണ്. നിർമാണത്തിന്റെ ഓരോ ഘട്ടത്തിനും റെയിൽവേയുടെ പരിശോധനയും അനുമതിയും ആവശ്യമാണ്. ഇത് വൈകുന്നതാണ് പ്രവൃത്തി വൈകാൻ പ്രധാന കാരണം.
സ്റ്റീൽ ഗർഡറാണ് ഇവിടെ സ്ഥാപിക്കുന്നത്. ബംഗളൂരുവിലെ ഫാക്ടറിയിലെത്തി റെയിൽവേയുടെ ആർ.ഡി.എസ്.ഒ (റിസർച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ് ഓർഗനൈസേഷൻ) വിദഗ്ധസംഘം ഗർഡറുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം. ഇതിനായി ലഖ്നോവിൽനിന്ന് വിദഗ്ധസംഘം എത്തേണ്ടതുണ്ട്. പരിശോധന കഴിഞ്ഞശേഷമേ ഗർഡർ നിർമാണം തുടങ്ങുകയുള്ളൂ. റെയിൽവേയുടെ സാധനങ്ങൾ നീക്കാനുള്ളതിനാൽ ആദ്യഘട്ടത്തിൽതന്നെ മേൽപാലം പ്രവൃത്തി വൈകിയിരുന്നു.
പാതയുടെ ടാറിങ് 95 ശതമാനം പൂർത്തിയായിട്ടുണ്ട്. സുരക്ഷ ലൈനുകൾ വരക്കൽ, സുരക്ഷ വേലി തുടങ്ങിയവയുടെ പണി പുരോഗമിക്കുകയാണ്. ചൊക്ലി ന്യൂ മാഹി റോഡുമായി ചേരുന്ന ബൈപാസിൽ കെൽട്രോൺ ട്രാഫിക് സിഗ്നൽ തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്. ബാലം, മാഹി റെയിൽവേ മേൽപാലങ്ങളുടെ നിർമാണം പൂർത്തിയാകാതെ മാഹി ബൈപാസ് യാഥാർഥ്യമാകില്ല. നേരത്തേ 74 ശതമാനം പ്രവൃത്തി പൂർത്തിയായപ്പോൾ 2021 ഡിസംബറിൽ ബൈപാസ് തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കാലവർഷവും കോവിഡും വില്ലനായതോടെ 2022 മാർച്ചിൽ പണി പൂർത്തിയാകുമെന്നറുപ്പിച്ചിരുന്നു. ഇതും നടക്കാതായതോടെയാണ് വരുന്ന ഡിസംബറിൽ പാത തുറക്കാനായി പ്രവൃത്തി വേഗത്തിലാക്കിയത്.
എന്നാൽ, മഴ ശക്തമാകുന്നതോടെ മേൽപാലങ്ങളുടെ പണി നീണ്ടുപോകുമെന്നതിനാൽ ഡിസംബറിലും മാഹി ബൈപാസ് യാഥാർഥ്യമാകില്ല. മലബാറിൽതന്നെ ഏറ്റവും കൂടുതൽ ഗതാഗതത്തിരക്കുള്ള മാഹി -തലശ്ശേരി നഗരങ്ങളുടെ കുരുക്കഴിക്കാൻ അവതരിപ്പിച്ച മാഹി ബൈപാസ് പദ്ധതിക്ക് അര നൂറ്റാണ്ടോളം പഴക്കമുണ്ട്.
30 മാസംകൊണ്ട് പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും നിട്ടൂർ ബാലത്ത് നിർമാണത്തിനിടെ പാലത്തിന്റെ നാലു ബീമുകൾ തകർന്നുവീണതും ലോക്ഡൗണിൽ തൊഴിലാളികളെ ലഭിക്കാത്തതും നിർമാണം പിന്നോട്ടടിച്ചു.
ധർമടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, പള്ളൂർ, ന്യൂ മാഹി, അഴിയൂർ എന്നിവിടങ്ങളിലൂടെ 1,300 കോടി രൂപ ചെലവിൽ 18.6 കി.മീ ദൂരത്തിലാണ് പാത കടന്നുപോകുന്നത്.
മുഴപ്പിലങ്ങാട് നിന്ന് അഴിയൂർ വരെ 45 മീറ്റർ വീതിയിലാണ് പാത. സർവിസ് റോഡിനും അഴുക്കുചാലിനും അടക്കം കൂടുതൽ സ്ഥലമേറ്റെടുക്കൽ പ്രവൃത്തിയും നടക്കുന്നുണ്ട്. മുഴുവൻ സ്ഥലവും ഏറ്റെടുത്താൽ സർവിസ് റോഡുകളുടെ നിർമാണവും പൂർത്തിയാവും. ആകെ 85.52 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്.