കണ്ണൂരിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം
text_fieldsrepresentative image
കണ്ണൂർ: കാട്ടാമ്പള്ളി കൈരളി ബാറിലെ തർക്കത്തെ തുടർന്നുണ്ടായ കൊലപാതകത്തിന്റെ വാർത്ത കേട്ടാണ് വെള്ളിയാഴ്ച കണ്ണൂർ ഉണർന്നത്. കണ്ണൂരിലും പരിസരത്തുമായി രണ്ടു മാസത്തിനിടെയുണ്ടാവുന്ന മൂന്നാമത്തെ സമാന സംഭവമാണിത്. നഗരത്തോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് കാട്ടാമ്പള്ളി. ജൂൺ അഞ്ചിന് കണ്ണൂർ എസ്.പി ഓഫിസിന് മുൻവശത്ത് ലോറി ഡ്രൈവർ കുത്തേറ്റുമരിച്ചിരുന്നു.
ഇതിനും രണ്ടാഴ്ച മുമ്പാണ് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് മാധ്യമ പ്രവർത്തകനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. 19 ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ ഇദ്ദേഹം പരിയാരം മെഡിക്കൽ കോളജിൽ മരണപ്പെടുകയും ചെയ്തു. ലോറി ഡ്രൈവറുടെ കൊലപാതകവും എക്സിക്യൂട്ടിവ് എക്സ് പ്രസിലെ തീവെപ്പിനും ശേഷം കണ്ണൂർ നഗരത്തിൽ രാത്രികാല പരിശോധനയും സുരക്ഷയും പൊലീസ് കർശനമാക്കിയിരുന്നു. വ്യാഴാഴ്ച ആക്രമണം നടന്നത് മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.
വളപട്ടണം പൊലീസ് സ്റ്റേഷനും മയ്യിൽ സ്റ്റേഷനും അതിർത്തി പങ്കിടുന്ന പ്രദേശമാണ് കാട്ടാമ്പള്ളി. സുഹൃത്തുക്കളോടൊപ്പം ബാറിലെത്തിയ ചിറക്കല്‍ കീരിയാട് ബുഖാരി മസ്ജിദിന് സമീപത്തെ ടി.പി. റിയാസാണ് കൊല്ലപ്പെട്ടത്.
പ്രതി നിസാമും റിയാസും പരിചയക്കാരാണ്. സുഹൃത്ത് സന്ദീപിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ റിയാസ് ഇടപെടുകയായിരുന്നു. പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെയായിരുന്നു ആക്രമണമെന്ന് ദൃസാക്ഷി കൂടിയായ സന്ദീപ് പറഞ്ഞു.
റിയാസ് ഇത് ചോദ്യം ചെയ്തപ്പോൾ അവർ തമ്മിൽ വാഗ്വാദമുണ്ടായി. തുടർന്ന് ഇരുവരും ബാറിന് പുറത്തേക്ക് പോയെങ്കിലും തർക്കം തുടരുകയും കൈയിലുണ്ടായിരുന്നു കത്തിയുപയോഗിച്ച് റിയാസിന്റെ നെഞ്ചിൽ കുത്തുകയുമായിരുന്നു. ലോറി ഡ്രൈവറായ കണിച്ചാര്‍ സ്വദേശി ജിന്റോ ആണ് ജൂൺ അഞ്ചിന് കണ്ണൂർ നഗരത്തിൽ കുത്തേറ്റു മരിച്ചത്.
പുലര്‍ച്ച മൂന്നോടെയായിരുന്നു കൊലപാതകം. മോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ദീർഘ ദൂര ലോറിയുടെ ഡ്രൈവറായിരുന്ന ജിന്റോയുടെ കാലിന് വെട്ടേല്‍ക്കുകയും തുടര്‍ന്ന് ഓടിയ ജിന്റോ റോഡില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. പ്രതികളായ കോഴിക്കോട്, കാസർകോട് ജില്ലക്കാർ അന്നുതന്നെ അറസ്റ്റിലായിരുന്നു.
ജൂൺ ഏഴിന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ മരിച്ച മാധ്യമ പ്രവര്ത്തകന് ഷാജി ദാമോദരന്റെ മരണത്തിലും ദുരൂഹത സംശയിച്ചിരുന്നു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനടുത്തുള്ള വിജനമായ സ്ഥലത്താണ് അദ്ദേഹത്തെ തലക്കുപരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ആദ്യം വാഹനാപകടമാണെന്ന് സംശയിച്ചിരുന്നെങ്കിലും ശരീരത്തിലെ പരിക്ക് പരിശോധിച്ച ഡോക്ടർമാർ കൊലപാതകമാണെന്ന സൂചനയാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

