മുണ്ടോക്ക് ഗവ. ക്വാർട്ടേഴ്സ് ശോച്യാവസ്ഥയിൽ
text_fieldsമുണ്ടോക്കിലെ ഗവ. ക്വാർട്ടേഴ്സിലെ കെട്ടിടങ്ങൾക്കിടയിൽ കാടുപിടിച്ച് കിടക്കുന്നു
മാഹി: നിരവധി കുടുംബങ്ങൾ താമസിക്കുന്ന മുണ്ടോക്ക് ഗവ. ക്വാർട്ടേഴ്സ് ശോച്യാവസ്ഥയിൽ. സർക്കാർ ജീവനക്കാരുടെ 50 കുടുംബങ്ങളിലുള്ള 150 ലേറെ പേർ താമസിക്കുന്ന ക്വാർട്ടേഴ്സിനോടാണ് അവഗണന തുടരുന്നത്. മൂന്ന് നിലകളിലായി ഒമ്പത് കെട്ടിടങ്ങൾക്കും രണ്ടു നിലയിലുള്ള ഒരു കെട്ടിടത്തിനും വെളിച്ചം തന്നിരുന്ന രണ്ട് നിയോൺ ബൾബുകൾ വർഷങ്ങൾ പിന്നിട്ടതോടെ കണ്ണടച്ചു.
സന്ധ്യയായാൽ കോമ്പൗണ്ടിനുള്ളിൽ ഇരുട്ടാണ്. കെട്ടിടങ്ങൾക്കിടയിലെ ഒഴിഞ്ഞ സ്ഥലങ്ങളും തുറന്നിട്ട ഓവുചാലുകളുടെ ഭാഗവും കുറ്റിക്കാടുകൾ വളർന്ന് നിറഞ്ഞതിനാൽ ഇഴജന്തുക്കളുടെ താവളമാണെന്നും താമസക്കാർ പറയുന്നു.
താഴത്തെ നിലയിലെ താമസക്കാർ പാമ്പുകയറുന്നത് പേടിച്ച് വാതിൽ ഗ്രില്ലിന്റെ നെറ്റ് കൊണ്ട് പകുതിഭാഗം മറച്ചിട്ടുണ്ട്. പഴക്കം ചെന്ന കെട്ടിടങ്ങൾ പെയിന്റടിച്ചിട്ട് 12 വർഷത്തോളമായി. സമീപകാലത്ത് ഒരു കെട്ടിടത്തിന് മാത്രമായി പെയിന്റടിച്ചിട്ടുണ്ട്. കെട്ടിടവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളൊന്നും പൊതുമരാമത്ത് വകുപ്പ് നടത്തുന്നില്ലെന്നും പരാതിയുണ്ട്.
ക്ലാസ് ഫോർ ജീവനക്കാർ താമസിക്കുന്ന കെട്ടിടങ്ങളോടാണ് കൂടുതൽ അവഗണന. ഓടകൾ അടഞ്ഞാൽ, ക്വാർട്ടേഴ്സ് അറ്റകുറ്റപ്പണികൾ എന്നിവക്ക് താമസക്കാർ തന്നെ പണം മുടക്കണം. ഫണ്ട് വരുമ്പോൾ നൽകാമെന്ന് പി.ഡബ്ല്യു.ഡി പറയുമെങ്കിലും കിട്ടാറില്ലത്രേ. സെപ്റ്റിക് ടാങ്കുകൾ താമസക്കാർ തന്നെ പണം പിരിച്ച് അറ്റകുറ്റപ്പണി ചെയ്യണം.
പണം തരാം പെയിന്റടിച്ചോളൂ എന്ന് താമസക്കാരനോട് പറഞ്ഞ അധികൃതർ പിന്നെ കൈ മലർത്തി. മിക്ക കെട്ടിടങ്ങളും മഴയിൽ ചോർന്നൊലിക്കുകയാണ്. താഴത്തെ നിലയിലേയും ഒന്നാം നിലയിലയും താമസക്കാർ തൊട്ടു മുകളിലുള്ള ശുചിമുറികളിൽ നിന്നുള്ള മലിനജല ചോർച്ച കാരണം ദുരിതമനുഭവിക്കുകയാണ്. ഓടകളിലൂടെ മലിനജലം ഒഴുകിപ്പോകുന്നത് പുഴയിലേക്കാണ്. എന്നാൽ, പുഴയുടെ ഭാഗത്ത് ഓട തടസ്സപ്പെട്ടത് കാരണം മഴക്കാലത്ത് വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

