മൾട്ടി ലെവൽ പാർക്കിങ് ഇനിയും 'തറ ലെവൽ' എത്തിയില്ല; നിർമാണം നിലച്ചു
text_fieldsനിർമാണം നിലച്ച സ്റ്റേഡിയം കോർണറിലെ മൾട്ടിലെവൽ കാർ പാർക്കിങ് കേന്ദ്രം
കണ്ണൂർ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കോർപറേഷൻ നിർമിക്കുന്ന മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രം നിർമാണം നിലച്ചു. മാസങ്ങളായി പ്രവൃത്തിനിലച്ച സ്ഥിതിയാണ്. കോവിഡ് രണ്ടാം തരംഗത്തിൽ ഏറക്കാലം നിർമാണം നിലച്ചിരുന്നു. പുനരാരംഭിച്ചെങ്കിലും പ്രവൃത്തി എങ്ങുമെത്തിയില്ല. മരാമത്ത് പ്രവൃത്തി നാലു മാസംകൊണ്ടും പാർക്കിങ് സമുച്ചയം ആറുമാസം കൊണ്ടും പൂർത്തിയാക്കുമെന്നായിരുന്നു തുടക്കത്തിൽ കോർപറേഷൻ അധികൃതർ പറഞ്ഞിരുന്നത്.
സ്റ്റേഡിയം കോർണറിലെ സ്വാതന്ത്ര്യസമര സ്തൂപത്തിന് സമീപത്തും ഫോർട്ട് റോഡിലെ പീതാംബര പാർക്കിലുമാണ് പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കാൻ തീരുമാനിച്ചത്. സ്റ്റേഡിയം കോർണറിൽ ആഴത്തിൽ മണ്ണെടുത്ത് അണ്ടർ ഗ്രൗണ്ട് പ്രവൃത്തി മാത്രമാണ് പൂർത്തിയാക്കിയത്. ഇവിടെ തുടർപ്രവൃത്തി നടത്താത്തതോടെ ഇരുമ്പുകളടക്കം തുരുമ്പെടുക്കുന്ന സ്ഥിതിയാണ്. ഫോർട്ട് റോഡിലെ പീതാംബര പാർക്കിൽ ഇതുവരെ മണ്ണുമാന്തിയതല്ലാതെ മറ്റൊരു പ്രവൃത്തിയും നടത്തിയിട്ടില്ല. ഇത് കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടായതോടെ മൂടുകയും ചെയ്തു.
പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കരാറുകാർക്കാണ് നിർമാണച്ചുമതല. ഇവരുടെ അനാസ്ഥ കാരണമാണ് പ്രവൃത്തി നീളുന്നതെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്. നിർമാണം നിലച്ചതോടെ കോർപറേഷൻ എട്ടിന് കരാറുകാരെ വിളിച്ച് യോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 11 കോടി ചെലവിലാണ് പാർക്കിങ് കേന്ദ്രങ്ങൾ നിർമിക്കാൻ തീരുമാനിച്ചത്. അടുത്ത മാർച്ചിൽ നിർമാണം പൂർത്തിയായില്ലെങ്കിൽ ഫണ്ട് നഷ്ടമാകും.