വാഴത്തോട്ടം പിടിച്ചെടുത്ത് വാനരപ്പട; നശിപ്പിച്ചത് 300 വാഴകൾ
text_fieldsപാൽച്ചുരത്ത് കുരങ്ങുകൾ നശിപ്പിച്ച വാഴത്തോട്ടത്തിൽ ഉടമ ആമക്കാട്ട് ബിനീഷും ബന്ധു ഒറ്റപ്ലാക്കൽ ജോയിയും
കൊട്ടിയൂർ: കോവിഡ് കാലത്ത് പ്രവാസം വെടിഞ്ഞ് നാട്ടിലെത്തി കൃഷിയിറക്കിയ പ്രവാസി കർഷകെൻറ വാഴത്തോട്ടം വാനരപ്പട കൈയടക്കി.
ജീവിതദുരിതത്തിൽനിന്ന് കരകയറാൻ കൃഷി ചെയ്ത കൊട്ടിയൂർ പാൽച്ചുരം സ്വദേശി ആമക്കാട്ട് ബിനീഷിെൻറ 300 വാഴകളാണ് വാനരക്കൂട്ടം നശിപ്പിച്ചത്. മൂന്നു മാസം പ്രായമായ നേന്ത്രവാഴകൾ പറിച്ചെടുത്ത് ഉള്ളിലെ കൂമ്പ് പറിച്ച് തിന്നുനശിപ്പിക്കുകയായിരുന്നു. അബൂദബിയിൽ വെൽഡർ ജോലിക്കാരനായിരുന്ന ബിനീഷ് കോവിഡ് വന്നതുമൂലം ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണ് നാട്ടിലെത്തിയത്.
ഉപജീവനമാർഗം എന്ന നിലയിലാണ് കൈയിൽ ഉണ്ടായിരുന്നതും കടം വാങ്ങിയതും ചേർത്ത് ബന്ധുവിനൊപ്പം വാഴകൃഷി ആരംഭിച്ചത്. പാട്ടത്തിനെടുത്ത സ്ഥലത്ത് 25 രൂപ നിരക്കിലാണ് വിത്ത് നട്ടത്.
പണിക്കൂലിയും വളപ്രയോഗവും ഉൾപ്പെടെ ഓരോ വാഴക്കും നൂറു രൂപയോളം ചെലവായി. ഇതാണ് കുരങ്ങുകൂട്ടം നശിപ്പിച്ചത്. പ്രദേശത്ത് കുരങ്ങ്, കാട്ടുപന്നി, കാട്ടുപോത്ത്, ആന, മലമാൻ തുടങ്ങിയവയുടെ ശല്യം രൂക്ഷമാണ്. കൊട്ടിയൂർ വനത്തിൽ നിന്നാണ് ഇവ എത്തുന്നത്. പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയുമാണ് ഇവയെ ഓടിക്കാൻ ശ്രമിക്കുന്നത്.
വന്യമൃഗശല്യം രൂക്ഷമായതോടെ ജീവിക്കാൻ കഴിയാത്ത സ്ഥിതിയായി പ്രദേശവാസികൾക്ക്. നിരവധി കർഷകർ കൃഷിഭൂമി വിട്ട് സുരക്ഷിത താവളങ്ങളിലേക്ക് മാറി.അമ്പായത്തോട് മേമല, പാൽച്ചുരം തുടങ്ങി എല്ലാ മേഖലകളിലും കുരങ്ങുശല്യം രൂക്ഷമാണ്.
ജലലഭ്യത ഉള്ളതുകൊണ്ട് വാഴകൃഷിയാണ് ഇവിടെയുള്ളവരുടെ പ്രധാന കൃഷി. പക്ഷേ, ഇപ്പോൾ അതും കഴിയാത്ത സ്ഥിതിയായി. കൃഷിവകുപ്പും വനം വകുപ്പും അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും കുരങ്ങുകളെ തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.