കോടതിയുടെ ഇടപെടലിൽ സേ പരീക്ഷയെഴുതിയ മുഹമ്മദ് നിഹാദിന് ജയം
text_fieldsകണ്ണൂർ സിറ്റി: അധികൃതർ അവസരം നിഷേധിച്ചപ്പോൾ കോടതി ഇടപെട്ട് അവസരം നൽകിയ കണ്ണൂർ സിറ്റി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് നിഹാദ് എഴുതിയ സേ പരീക്ഷയിൽ മിന്നുംജയം. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഒരുവിഷയത്തിൽ മുഹമ്മദ് നിഹാദ് ഡി ഗ്രേഡ് ലഭിച്ചതിനെ തുടർന്നായിരുന്നു പരാജയപ്പെട്ടത്. എന്നാൽ, ഹൈകോടതി വിധിയെ തുടർന്ന് കഴിഞ്ഞ ദിവസം പ്രത്യേക പരീക്ഷ എഴുതിയപ്പോൾ ബി ഗ്രേഡ് ലഭിച്ചു.
സേ പരീക്ഷ നടപടികളുമായി വിദ്യാർഥിയും രക്ഷിതാവും സ്കൂൾ പ്രധാനാധ്യാപകനെ സമീപിച്ചെങ്കിലും നിരുത്തരവാദ സമീപനം കൊണ്ട് നിഹാദിന് പരീക്ഷ എഴുതാൻ സാധിച്ചില്ല. തുടർന്ന് മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ മേഖല കമ്മിറ്റി വിഷയത്തിൽ ഇടപെടുകയും പ്രധാനാധ്യാപകനെ ഉപരോധിക്കുകയും ചെയ്തു.
മേഖല കമ്മിറ്റി വിദ്യാഭ്യാസ മന്ത്രി, പരീക്ഷ സെക്രട്ടറി എന്നിവർക്ക് നേരിട്ട് പരാതി നൽകുകയും ചെയ്തു. തുടർനടപടികൾ ഉണ്ടാവാത്ത സാഹചര്യത്തിൽ ഹൈകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. നിഹാദിന് പരീക്ഷ എഴുതാൻ അവസരമൊരുക്കാൻ കോടതി സർക്കാറിന് നിർദേശം നൽകി. വിധിയുടെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതിയ നിഹാദ് വിജയിക്കുകയും ചെയ്തു.