കണ്ണൂര്‍ വിമാനത്താവളത്തിൽ സുരക്ഷക്കായി മോക്ഡ്രില്‍ നടത്തി
text_fieldsകണ്ണൂർ വിമാനത്താവളത്തിൽ സുരക്ഷാസംവിധാനങ്ങളുടെ പരിശോധനയുടെ ഭാഗമായി നടത്തിയ മോക്ഡ്രിൽ
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിെൻറ സുരക്ഷ സംവിധാനം, അടിയന്തര സാഹചര്യങ്ങളില്‍ ഇടപെടേണ്ട വിധം തുടങ്ങിയവ വിലയിരുത്തുന്നതിന് മോക്ഡ്രില്‍ നടത്തി. വിമാനം തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയാല്‍ എന്തൊക്കെ ചെയ്യണമെന്നതു സംബന്ധിച്ചായിരുന്നു മോക്ഡ്രില്‍. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ആരംഭിച്ച മോക്ഡ്രില്‍ ഒരു മണിക്കൂര്‍ നീണ്ടു. യാത്രാബസിനെ ഗോ എയര്‍ വിമാനമെന്ന് സങ്കലപിച്ചായിരുന്നു ഡ്രില്‍. എ.ഐ.എ.എസ്.എല്‍ ജീവനക്കാര്‍ വിമാനയാത്രികരും എ.ടി.സി ഓഫിസര്‍മാര്‍ വൈമാനികരും സി.ഐ.എസ്.എഫ് ഭടന്മാര് 'ഭീകരരു'മായി. ബന്ദികളായവരുടെ ബന്ധുക്കളായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാര്‍ വേഷമിട്ടു. എ.ഐ.എസ്.എല്‍ ജീവനക്കാര്‍ മാധ്യമ പ്രവര്‍ത്തകരായി. എയറോഡ്രോം കമ്മിറ്റി, ജില്ല കലക്ടര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ജില്ല പൊലീസ് മേധാവി, കിയാല്‍ സി.ഇ.ഒ എന്നിവരോടൊപ്പം ഐ.ബി, കസ്റ്റംസ്, ഏഴിമല നാവികസേന, എമിഗ്രേഷന്‍ വിഭാഗങ്ങളും മോക്ഡ്രില്ലിെൻറ ഭാഗമായി. ഓരോ വേളയിലും കൈക്കൊള്ളേണ്ട നടപടികള്‍ ഇവര്‍ നിർവഹിച്ചു.
തുടര്‍ന്ന് ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖറിെൻറ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് നടപടിക്രമങ്ങള്‍ വിലയിരുത്തി. കിയാല്‍ സി.ഇ.ഒ സുഭാഷ് മുരിക്കഞ്ചേരി, ഐ.ബി ഡി.സി.ഐ.ഒ ആര്.കെ. ശൈലേന്ദ്ര, ചീഫ് സെക്യൂരിറ്റി ഓഫിസര്‍ ഡാനിയല്‍ ധനരാജ്, ജോ. ജനറല്‍ മാനേജര്‍ ജി. പ്രദീപ്കുമാര്‍, തലശ്ശേരി തഹസില്‍ദാര്‍ കെ. ഷീബ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.