കാണാതായ യുവാവിനെ മൂന്ന് വർഷത്തിനുശേഷം കണ്ടെത്തി
text_fieldsമുഹ്സിൻ മാതാവിനൊപ്പം
കൊച്ചി: ഇടപ്പള്ളിയിൽനിന്ന് കാണാതായ കണ്ണൂർ നരിക്കോട് സ്വദേശിയായ യുവാവിനെ മൂന്ന് വർഷങ്ങൾക്ക് ശേഷം പാലാരിവട്ടം പൊലീസ് കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തി. കൂനംതൈയിലെ ബേക്കറിയിൽ ജീവനക്കാരനായിരുന്ന മുഹ്സിനെ(22)യാണ് കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നിന്ന് തിരികെ നാട്ടിലെത്തിച്ചത്. 2022 സെപ്റ്റംബർ 13നാണ് മകനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് നജുമുന്നിസ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്.
സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. ഉടൻ അന്വേഷണ സംഘം അവിടെയെത്തി തിരികെ കൊച്ചിയിലെത്തിക്കുകയായിരുന്നു. കോയമ്പത്തൂർ വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലാണ് യുവാവ് ജോലി ചെയ്തിരുന്നത്. മൊബൈൽഫോൺ ഉപയോഗിക്കാത്തതിനാൽ യുവാവിനെ കണ്ടെത്തുന്നത് ഏറെ പ്രയാസകരമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ കണ്ണൂരിൽ നിന്നെത്തിയ വീട്ടുകാർക്കൊപ്പം വിട്ടയച്ചു.
എറണാകുളം അസി. കമീഷണർ പി. രാജ്കുമാറിന്റെ മേൽനോട്ടത്തിൽ പാലാരിവട്ടം ഇൻസ്പെക്ടർ കെ.ആർ. രൂപേഷിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ഒ.എസ്. ഹരിശങ്കർ, അസി. സബ് ഇൻസ്പെക്ടർ ടി.ആർ. രാഗേഷ്, എസ്.സി.പി.ഓമാരായ കെ.പി. ജോസി, അഖിൽ പത്മൻ, പി. പ്രശാന്ത്, എൻ.എ. അനീഷ്, കൊച്ചി സൈബർ സെല്ലിലെ എസ്.സി.പി.ഓ വിപിൻ എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

