ഫിഷറീസ് വകുപ്പിന്റെ വരുമാനം വർധിപ്പിക്കാൻ നടപടി -മന്ത്രി
text_fieldsഫിഷറീസ് മന്ത്രി വി. അബ്ദുൽ ഗഫൂർ തലായി ഹാർബർ സന്ദർശിച്ചപ്പോൾ
തലശ്ശേരി: വരുമാനം സൃഷ്ടിക്കുന്ന വകുപ്പാക്കി ഫിഷറീസ് വകുപ്പിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ പറഞ്ഞു. തലശ്ശേരി സബ്കലക്ടർ ഓഫിസിൽ ജില്ല വകുപ്പ്തല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന വരുമാനത്തിന്റെ 1.76 ശതമാനം മാത്രമാണ് ഫിഷറീസ് വകുപ്പിന്റെ സംഭാവന. അത് അഞ്ചു ശതമാനമാക്കി ഉയർത്തുകയാണ് സ്വപ്നം. പിഴവുകളില്ലാതെ മുന്നോട്ട് പോകേണ്ടതുണ്ട്.
മത്സ്യമേഖലയിലെ വിവിധ ഏജൻസികൾ നടപ്പാക്കിവരുന്ന പദ്ധതികളുടെ സ്ഥിതിവിവരക്കണക്കുകൾ ഏജൻസികളുടെയും വകുപ്പിന്റെയും പക്കലുള്ള ഭൂമി സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ശേഖരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് വകുപ്പ് ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും അടിയന്തരാവശ്യങ്ങളെക്കുറിച്ചുമുള്ള രൂപരേഖ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആർ. ജുഗ്നു അവതരിപ്പിച്ചു.
ഹാർബർ എൻജിനീയറിങ് വകുപ്പ് തലായി, അഴീക്കൽ, മാപ്പിള ബേ എന്നീ മത്സ്യ ബന്ധന തുറമുഖങ്ങളുടെയും ഗോപാലപേട്ട, ചൂട്ടാട്, ധർമടം, ന്യൂമാഹി, എട്ടിക്കുളം, പുതിയങ്ങാടി, നീർക്കടവ് ഫിഷ് ലാൻഡിങ് സെൻററുകളുടെയും നിലവിലെ സ്ഥിതിയും അടിയന്തരാവശ്യങ്ങളും മന്ത്രിയെ ധരിപ്പിച്ചു. സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങളുടെ രൂപരേഖ ജില്ല സാമൂഹികനീതി ഓഫിസർ പി. ബിജു അവതരിപ്പിച്ചു. യോഗത്തിൽ തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു.
ഫിഷറീസ് വകുപ്പ് സ്പെഷൽ സെക്രട്ടറി ബി. അബ്ദുൽ നാസർ ആമുഖപ്രഭാഷണം നടത്തി. ഫിഷറീസ് ജോയൻറ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ്, മന്ത്രിയുടെ പി.എസ് എൻ . പത്മകുമാർ എന്നിവർ സംസാരിച്ചു. രാവിലെ 11ഓടെ തലശ്ശേരിയിലെത്തിയ മന്ത്രി തലായി മത്സ്യബന്ധന തുറമുഖം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തലായിയിലെ ഫീഡ് മില്ലും തലശ്ശേരിയിലെ മത്സ്യമാർക്കറ്റും മന്ത്രി സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

