സ്വപ്നം തീരമണയുന്നു; മലബാറിന് മിനി വിഴിഞ്ഞം
text_fieldsഅഴീക്കൽ തുറമുഖത്തിനായി നിർദേശിച്ച സ്ഥലം
അഴീക്കൽ: മലബാറിന്റെ ഭാവിവികസന സ്വപ്നം യാഥാർഥ്യമാക്കാൻ അഴീക്കലില്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത് രാജ്യാന്തര ഗ്രീന്‍ഫീല്‍ഡ് തുറമുഖം. വളപുട്ടണം പുഴയിൽ സ്ഥിതി ചെയ്യുന്ന നിലവിലെ തുറമുഖത്തിൽ നിന്ന് രണ്ടര കിലോമീറ്ററോളം മാറി അഴിമുഖത്താണ് പുതിയ തുറമുഖം വിഭാവനം ചെയ്തിരിക്കുന്നത്. അനുബന്ധമായുള്ള ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, പ്രത്യേക സാമ്പത്തിക മേഖല എന്നിവയുടെ വികസനവും നടപ്പിലാക്കും. ഇതിനുള്ള കരട് റിപ്പോര്‍ട്ടിനാണ് അംഗീകാരമാകുന്നത്. സി.എം.ഡി തയാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിച്ച് നടപടി സ്വീകരിക്കും. വരുമാനത്തിന്റെ ഒരു ഭാഗം സര്‍ക്കാറിന് നല്‍കുന്നതിന് വ്യവസ്ഥയുണ്ടാക്കും. കേന്ദ്ര സര്‍ക്കാറില്‍നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭ്യമാക്കാനുള്ള നടപടികള്‍ക്കും അംഗീകാരം നല്കി.
മലബാര്‍ ഇന്റര്‍നാഷനല്‍ പോര്‍ട്ട് ആന്‍ഡ് സെസ് ലിമിറ്റഡ് എന്ന പേരില്‍ പ്രത്യേക കമ്പനി രൂപവത്കരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ഇതിന്റെ ചെയര്മാന്. 5000 ടി.ഇ.യു വരെ ശേഷിയുള്ള പനമാക്സ് വലിപ്പമുള്ള ചരക്ക് കപ്പല്‍ അടുപ്പിക്കാനാകുന്ന തുറമുഖമാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രദേശത്തെ വിശദമായ മണ്ണ് പരിശോധന (ജിയോ ടെക്നിക്കല്‍ ഇന്‍വസ്റ്റിഗേഷന്‍) പൂര്‍ത്തിയാക്കി. അന്തിമ റിപ്പോര്‍ട്ട് 2022 ജനുവരിയില്‍ ലഭിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. കേരളത്തിലെ വടക്കന്‍ ജില്ലകളിലേക്കുള്ള ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനായി പോര്‍ട്ടിന്റെ ആഴം കൂട്ടിയും കൂടുതല്‍ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിയും തുറമുഖത്തിന്റെ ശേഷി വർധിപ്പിച്ചും അഴീക്കല്‍ തുറമുഖത്തിന്റെ സമഗ്രവികസനം നടപ്പിലാക്കും.
അഴീക്കോട് പഞ്ചായത്തിലെ 85.7 ഏക്കറും മാട്ടൂൽ പഞ്ചായത്തിലെ 60.9 ഏക്കറും പദ്ധതിക്കായി ഏറ്റെടുക്കുന്നതിനായി സർവേ നടപടികൾ പൂർത്തിയാക്കി. ഡി.പി.ആർ അനുസരിച്ച് മുന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കേണ്ടത്. ആദ്യഘട്ടത്തിൽ 3,074 കോടി രൂപയും മറ്റ് രണ്ടുഘട്ടങ്ങളിലായി 1,983 കോടി രൂപ യും ഉൾപ്പെടെ 5,057 കോടി രൂപ യാണ് പദ്ധതിച്ചെലവെന്ന് അന്നത്തെ തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ 2022 ഡിസംബർ 6ന് നിയമസഭയെ അറിയിച്ചിരുന്നു. വ്യവസായ പാർക്കുകളുടെ വികസനത്തിനായി കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഭൂമി ഏറ്റെടുക്കുന്നതിനും കൈമാറുന്നതിനുമുള്ള പ്രാരംഭ നടപടികളും മാസ്റ്റർപ്ലാനും തയ്യാറാക്കി വരുന്നുണ്ട്. അഴീക്കോട് തുമുഖം പ്രാവർത്തികമാകുന്നോടെ മലബാർ മേഖലയിലെ വ്യവസായ വാണിജ്യ മേഖലയിൽ വൻ കുതിപ്പ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ പതിറ്റാണ്ടുകളായി അഴീക്കോട് തുറമുഖ വികസനത്തിന് സർക്കാറുകൾ കോടികളുടെ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. അതെല്ലാം എല്ലാം കടലാസിലൊതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

