ഈ സുയിപ്പ് ഇനി വേണ്ട; ച്യൂയിങ്ഗം ഉപേക്ഷിച്ച് കുട്ടികൾ
text_fieldsകണ്ണൂർ: ബോധവത്കരണ ക്ലാസും എൻ.എസ്.എസ് ചേച്ചിമാരുടെ ഫ്ലാഷ് മോബും കണ്ടതോടെ ച്യൂയിങ്ഗത്തിന്റെ അപകടം തിരിച്ചറിഞ്ഞ് ഉപേക്ഷിച്ച് വിദ്യാർഥികൾ. തങ്ങളുടെ കൈയിലുണ്ടായിരുന്ന ച്യൂയിങ്ഗം അധ്യാപകർക്ക് കൈമാറുമ്പോൾ മനസ്സിൽ ഉറച്ച തീരുമാനമായിരുന്നു -ഇനി ഇത് ഉപയോഗിക്കില്ല.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിൽ മൈക്രോ പ്ലാസ്റ്റിക് ബോധവത്കരണത്തിന്റെ രണ്ടാംഘട്ടം ‘ച്യൂയിങ്ഗം സുയിപ്പാണ്’ പരിപാടിക്കിടെ വളപട്ടണം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ് ച്യൂയിങ്ഗത്തിന്റെ അപകടം തിരിച്ചറിഞ്ഞ് അവ ഉപേക്ഷിച്ചത്.
കാമ്പയിൻ അഴീക്കോട് സൗത്ത് യു.പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ ഉദ്ഘാടനം ചെയ്തു. ഡോ. എം.കെ. സതീഷ് കുമാർ കാമ്പയിൻ വിശദീകരിച്ചു. ഓരോ ച്യൂയിങ്ഗം ചവക്കുമ്പോഴും ആയിരക്കണക്കിന് മൈക്രോ പ്ലാസ്റ്റിക്കുകൾ നമ്മുടെ ശരീരത്തിലെത്തുന്നുവെന്ന പഠനങ്ങൾ പുറത്തുവന്നതായി അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ നിസാർ വായപ്പറമ്പ് അധ്യക്ഷത വഹിച്ചു.
ബോധവത്കരണ കാമ്പയിന്റെ ഭാഗമായി കൃഷ്ണമേനോൻ സ്മാരക വനിത കോളജിലെ എൻ.എസ്.എസ് വളന്റിയർമാർ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. കണ്ണൂർ ബ്ലോക്കിലെ നാലു പഞ്ചായത്തുകളിലെയും ഓരോ സ്കൂളുകളിലാണ് പരിപാടി സംഘടിപ്പിച്ചത്.
വളപട്ടണം ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവ വേദിയിലും പാപ്പിനിശ്ശേരി ഇ.എം.എസ് ഹയർ സെക്കൻഡറി സ്കൂളിലും കാട്ടാമ്പള്ളി ജി.എം.യു.പി സ്കൂളിലും കാമ്പയിൻ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സീമ കുഞ്ചാൽ, ഹരിത കേരള മിഷൻ ജില്ല റിസോഴ്സ് പേഴ്സൻ ശ്രീരാഗ് രമേശ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.വി. അജിത, എൻ.എസ്.എസ് ജില്ല കോഓഡിനേറ്റർ ഡോ. കെ.പി. നിധീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

