ഓർമയിൽ നിറഞ്ഞ് ഇ. അഹമ്മദ്
text_fieldsഇ. അഹമ്മദ് അനുസ്മരണത്തോടനുബന്ധിച്ച് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രാർഥന സദസ്സ്. എം.കെ. മുനീർ എം.എൽ.എ, പി.കെ. ബഷീർ എം.എൽ.എ, വി.കെ. ഇബ്രാഹിം കുഞ്ഞ്, വി.പി. വമ്പൻ തുടങ്ങിയവർ സമീപം
കണ്ണൂർ: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ. അഹമ്മദിെൻറ വിയോഗത്തിന് അഞ്ചാണ്ട് തികഞ്ഞ വെള്ളിയാഴ്ച സിറ്റി ജുമുഅത്ത് പള്ളി അങ്കണത്തിലെ ഖബറിടത്തില്‍ സിയാറത്തും ജനിച്ചുവളര്‍ന്ന മക്കാടത്ത് തറവാട് മുറ്റത്ത് പ്രാർഥനസദസ്സും നടന്നു. ഖബര്‍ സിയാറത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രാർഥന സദസ്സിന് സമസ്ത സെക്രട്ടറി പി.പി. ഉമര്‍ മുസ്ലിയാരും നേതൃത്വം നല്കി. മതേതര ദേശീയതയുടെ നിലനില്പിനും പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച പ്രിയനേതാവിെൻറ സ്മരണകളിരമ്പുന്ന ഹൃദയവുമായി നൂറുകണക്കിനാളുകള്‍ സിറ്റി ഖബര്‍സ്ഥാനിലും മക്കാടത്ത് തറവാട്ടിലും എത്തിയിരുന്നു. ഫെബ്രുവരി ഒന്നാണ് ഇ. അഹമ്മദിെൻറ ചരമദിനമെങ്കിലും ഹിജ്റ കലണ്ടര്‍ പ്രകാരമാണ് വെള്ളിയാഴ്ച പ്രാർഥന സദസ്സ് സംഘടിപ്പിച്ചത്.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.സി. മായിന്‍ ഹാജി, സെക്രട്ടറിമാരായ ഡോ.എം.കെ. മുനീര്‍, അബ്ദുൽ റഹ്മാന് കല്ലായി, കെ.എം. ഷാജി, കെ.എസ്. ഹംസ, മുന്‍ മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞ്, എം.എൽ.എമാരായ ടി.വി. ഇബ്രാഹീം, പി.കെ. ബഷീര്‍, ചരിത്രകാരന്മാരായ എം.സി. വടകര, പി.എ. റഷീദ്, ചന്ദ്രിക മാനേജിങ് എഡിറ്റര്‍ അഡ്വ.എം. ഉമ്മര്‍, മുന്‍ എം.എൽ.എമാരായ പാറക്കല്‍ അബ്ദുല്ല, എം.സി. ഖമറുദ്ദീന്, മേയര്‍ ടി.ഒ. മോഹനന്, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡൻറ് ഹനീഫ മുന്നിയൂര്‍, മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി, ട്രഷറര്‍ വി.പി. വമ്പന്‍, അഡ്വ. പി.വി. സൈനുദ്ദീന്‍, കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റര്‍, ഡി.സി.സി പ്രസിഡൻറ് മാര്ട്ടിന് ജോർജ്, സിറ്റി ജുമുഅത്ത് പള്ളി ഖത്തീബ് നാസര്‍ മൗലവി തുടങ്ങിയവര്‍ സിയാറത്തിനും പ്രർഥന സദസ്സിനും നേതൃത്വം നല്കി.