മീറ്റ് ദ മിനിസ്റ്റര്‍: ലഭിച്ചത് 80 പരാതികള്‍
text_fieldsകണ്ണൂർ: ജില്ലയിലെ വ്യവസായ, ഖനന മേഖലകളിലെ സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തിങ്കളാഴ്ച വ്യവസായ മന്ത്രി പി. രാജീവിെൻറ നേതൃത്വത്തില്‍ നടത്തുന്ന 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടിയിലേക്ക് ഇതുവരെ ലഭിച്ചത് 80 പരാതികള്‍. ഇതില്‍ 79 എണ്ണം സ്വീകരിച്ചു. പരാതിക്കാരെൻറ മതിയായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ ഒരു പരാതി മാറ്റിവെച്ചു. ഖനന മേഖലയുമായി ബന്ധപ്പെട്ട് 13 പരാതികളാണ് ലഭിച്ചത്. കളിമണ്ണ് ഖനനത്തിന് ജില്ലയില്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മൂന്ന് പരാതികള്‍ വകുപ്പിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ കളിമൺ ഖനനത്തിന് ജില്ലയില്‍ അനുമതിയില്ല. ചെങ്കല്‍ ഖനനം, ക്വാറി തുടങ്ങിയവക്ക് പഞ്ചായത്ത് ലൈസന്‍സ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ടും പരാതികള്‍ ലഭിച്ചു.
കയര്‍മേഖലയുടെ നവീകരണം, തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച് ഒമ്പത് പരാതികളാണ് വ്യവസായ വകുപ്പില്‍ ലഭിച്ചത്. വായ്പ വിതരണം, ലൈസന്‍സ്, വിവിധ വകുപ്പുകളില്‍ നിന്നുള്ള അനുമതി തുടങ്ങിയവ സംബന്ധിച്ചും പരാതികള്‍ ലഭിച്ചു. ഒരോ പരാതിയിന്മേലും അതത് സ്ഥാപനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാണ് അദാലത്തിന് പരിഗണിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണന ക്രമത്തില്‍ ടോക്കണ്‍ നല്കി ഒരുസമയം 10 പേരെയാണ് അദാലത്ത് ഹാളിലേക്ക് കടത്തി വിടുക. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും അദാലത്ത്. തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ താലൂക്ക് വ്യവസായ കേന്ദ്രത്തിലും ജില്ല വ്യവസായ കേന്ദ്രത്തിലും നേരിട്ടും ഓണ്‍ലൈനിലുമാണ് പരാതികള്‍ സ്വീകരിച്ചത്. ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടക്കുന്ന 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടിയില്‍ വ്യവസായ വാണിജ്യ വകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കെ.എസ്.ഐ.ഡി.സി ഡയറക്ടര്‍ എം.ജി. രാജമാണിക്യം, കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി, മറ്റ് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ് അദാലത്ത്.