മേയർ സ്ഥാനം; കോൺ-ലീഗ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞു
text_fieldsകണ്ണൂർ കോർപറേഷൻ മേയർ കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്കു ശേഷം പുറത്തേക്ക് വരുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ലീഗ് ജില്ല പ്രസിഡന്റ്
അബ്ദുൽ കരീം ചേലേരിയും. ഡി.സി.സി
പ്രസിഡന്റ് മാർട്ടിൻ ജോർജ് സമീപം
കണ്ണൂർ: കോർപറേഷൻ മേയർ സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച് കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള പടലപ്പിണക്കം മാറ്റാൻ ഞായറാഴ്ച നടത്തിയ നിർണായക ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇരു പാർട്ടികളുടെയും നേതാക്കളുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് ചർച്ച നടത്തിയത്. രണ്ടരവർഷം കഴിഞ്ഞാൽ ലീഗിന് മേയർ സ്ഥാനം നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, മേയർ സ്ഥാനം മൂന്ന് വർഷം വേണമെന്നാണ് കോൺഗ്രസിന്റെ നിലപാട്.
രണ്ടരവർഷം മേയർ സ്ഥാനം വേണമെന്ന നിലപാടിൽ മുസ്ലിം ലീഗ് ഉറച്ചുനിൽക്കുകയാണ്. ലീഗ് ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് നേരിട്ട് മുസ്ലിം ലീഗ് നേതൃത്വത്തെ ചർച്ചക്ക് വിളിക്കുകയായിരുന്നു. സത്യപ്രതിജ്ഞ വേളയിലെ തീരുമാനങ്ങളിൽ തുടർ ചർച്ചയാണ് നടന്നതെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി പറഞ്ഞു.
ചർച്ച തീരുമാനമാകാതെ പിരിഞ്ഞതിനെ തുടർന്ന് ഇരുപക്ഷത്തേയും നേതാക്കളും കമ്മിറ്റികളുമായി കൂടിയാലോചിച്ച ശേഷം ഒരാഴ്ചക്കുള്ളിൽ വീണ്ടും ചർച്ച നടത്താനാണ് തീരുമാനം. രാവിലെ കണ്ണൂർ ഡി.സി.സി ഓഫിസിലാണ് ചർച്ച നടന്നത്.
കോൺഗ്രസിലെ ടി.ഒ. മോഹനനാണ് നിലവിൽ കോർപറേഷൻ മേയർ. മോഹനൻ ഒഴിഞ്ഞ് ലീഗിന് മേയർ സ്ഥാനം നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ല കമ്മിറ്റി ഡി.സി.സിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, തീരുമാനമൊന്നുമാകാത്തതോടെയാണ് കെ.പി.സി.സി പ്രസിഡന്റ് ഇടപെട്ട് ചർച്ച നടത്തിയത്.
യു.ഡി.എഫ് ഭരിക്കുന്ന ഏക കോർപറേഷനാണ് കണ്ണൂർ. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെ.സി. മുഹമ്മദ് ഫൈസൽ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, വൈസ് പ്രസിഡന്റ് കെ.പി. താഹിർ, ജനറൽ സെക്രട്ടറി കെ.പി. സഹദുല്ല എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

