കിന്‍ഫ്ര പാര്‍ക്ക്; സ്ഥലമെടുപ്പ് പൂര്‍ത്തിയാകും മുമ്പേ നിക്ഷേപ വാഗ്ദാനം
text_fieldsമട്ടന്നൂർ: മട്ടന്നൂര്‍ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിന്റെ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുമ്പ് തന്നെ ഹൈദരാബാദ് ആസ്ഥാനമായ ഗോള്‍ഡ്സിക്ക വന്‍ നിക്ഷേപ വാഗ്ദാനവുമായി രംഗത്തെത്തി. ഇതോടെ പാര്‍ക്കിന്റെ ഭാവി വികസനത്തിന് സാധ്യത വര്‍ധിപ്പിച്ചു.
ആഗോള സ്വര്‍ണ വ്യവസായ രംഗത്ത് ചുവടുറപ്പിച്ചിട്ടുള്ള ഗോള്‍ഡ്സിക്ക ഗ്ലോബല്‍ ഗോള്‍ഡ് സിറ്റി സ്ഥാപിക്കുന്നതിനായി ആയിരം ഏക്കര്‍ ഭൂമിയാണ് മട്ടന്നൂര്‍ പാര്‍ക്കില്‍ ആവശ്യപ്പെട്ടിടുള്ളത്. ഇതിനുള്ള ധാരണപത്രം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒപ്പിട്ടു. വിവിധ ഘട്ടങ്ങളിലായി ഏകദേശം 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവും പത്തു ലക്ഷത്തോളം തൊഴിലവസരങ്ങളും ലക്ഷ്യമിടുന്ന പദ്ധതിയാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്.
മറ്റു രാജ്യങ്ങളില്‍ നിന്ന് ഖനനം ചെയ്തെടുക്കുന്ന സ്വര്‍ണ അയിരിന്റെ ശുദ്ധീകരണം മുതല്‍ ഡിസൈനിങ് ആഭരണ നിര്‍മാണവും വരെയുള്ള മുഴുവന്‍ തുടര്‍ നടപടികളും ചെയ്യാനാകുന്ന വിധത്തിലാണ് ഗോള്‍ഡ് സിറ്റി വിഭാവനം ചെയ്യുന്നത്. മട്ടന്നൂരിൽ നിലവിൽ 128 ഏക്കറില്‍ കിന്‍ഫ്ര ഇൻഡസ്ട്രിയൽ പാർക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയുള്ള സ്റ്റാന്‍ഡേഡ് ഡിസൈന്‍ ഫാക്ടറിയില്‍ നിലവില്‍ 16 സംരംഭങ്ങളാണുള്ളത്. ഇതിനു പുറമേ ലാൻഡ് ബാങ്ക് രൂപീകരിക്കുന്നതിനായി മൂന്നു പാഴ്സലുകളായി 1054 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കിഫ്ബി വഴി 2018 കോടി രൂപ ചെലവഴിച്ച് മട്ടന്നൂർ ടൗണിനും വിമാനത്താവളത്തിനും മൂന്നു കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായി സ്ഥലം ഏറ്റെടുത്തിട്ടുള്ളത്.
ഒന്നാം ലാന്‍ഡ് പാഴ്സലായി വെള്ളപ്പറമ്പില്‍ പട്ടന്നൂർ, കീഴല്ലൂര്‍ വില്ലേജുകളിലായി 474 ഏക്കർ ഭൂമി 842 കോടി രൂപക്ക് ഏറ്റെടുത്തു കഴിഞ്ഞു. ഇതിനോട് ചേർന്ന് പനയത്താംപറമ്പില്‍ അഞ്ചരക്കണ്ടി, പടുവിലായി, കീഴല്ലൂർ വില്ലേജുകളിലായി മറ്റൊരു 500 ഏക്കർ ഭൂമികൂടി രണ്ടാം പാഴ്സലായി ഏറ്റെടുക്കുന്നതിന് 1076 കോടി രൂപ റവന്യൂ വകുപ്പിന് നല്‍കിയിട്ടുണ്ട്. ഇതില്‍ 170 ഏക്കർ ഭൂമി ഇതിനോടകം ഏറ്റെടുത്തു.
ഇവിടെ 50 ഏക്കര്‍ സ്ഥലത്ത് സയന്‍സ് ആന്‍ഡ് ഐ.ടി പാര്‍ക്ക് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്നു. കണ്ണൂര്‍ ലാന്‍ഡ് പാഴ്സലിന്റെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ഇവിടെ വലിയൊരു നിക്ഷേപത്തിന് വാഗ്ദാനമുണ്ടായത് കേരളത്തിന്റെ വ്യാവസായികാന്തരീക്ഷത്തോട് നിക്ഷേപകർ പുലർത്തുന്ന വിശ്വാസത്തിന്റെ തെളിവാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
അഡീഷനല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി പി. വിഷ്ണുരാജ് എന്നിവരുടെ സാന്നിധ്യത്തില്‍ ഗോള്‍ഡ്സിക്ക എം.ഡി എസ്. തരൂജും കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസും തിരുവനന്തപുരത്ത് പദ്ധതിയുടെ ധാരണപത്രം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

