ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ ഊരി വലിച്ചെറിഞ്ഞു; വിഷുത്തലേന്ന് പ്രദേശം ഇരുട്ടിൽ
text_fieldsപ്രതീകാത്മക ചിത്രം
മട്ടന്നൂർ: വിഷുത്തലേന്ന് ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ ഊരി വലിച്ചെറിഞ്ഞു നെല്ലൂന്നി, പഴശ്ശി പ്രദേശങ്ങൾ ഇരുട്ടിലാക്കി. 22 ഫ്യൂസുകളാണ് ഊരിമാറ്റിയ നിലയിൽ കണ്ടെത്തിയത്. കെ.എസ്.ഇ.ബി മട്ടന്നൂർ സെക്ഷൻ പരിധിയിൽ വരുന്ന നെല്ലൂന്നി അരയാൽ, നെല്ലൂന്നി പള്ളി, പഴശ്ശി വില്ലേജ് ഓഫിസ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.50ഓടെ വൈദ്യുതി ഇല്ലെന്നുള്ള പരാതിയെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ ഊരിയ നിലയിൽ കണ്ടെത്തിയത്.
ട്രാൻസ്ഫോർമറുകളിലെ 18 ഫ്യൂസുകളും ബ്രാഞ്ച് ലൈനിന്റെ നാല് ഫ്യൂസുകളും ആരോ മനപ്പൂർവം ഊരിമാറ്റിയ നിലയിൽ കാണപ്പെട്ടു. പ്രദേശത്ത് നാട്ടുകാരും കെ.എസ്.ഇ.ബി അധികൃതരും ചേർന്നു നടത്തിയ പരിശോധനയിൽ 19 ഫ്യൂസുകൾ കണ്ടെത്തി. കാട്ടിലേക്കും മറ്റുമായാണ് വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൂന്നു ഫ്യൂസുകൾ ഇനിയും കണ്ടെത്താനുണ്ട്. ഫ്യൂസുകൾ ഊരി വലിച്ചെറിഞ്ഞതിനാൽ പഴശ്ശി, നെല്ലൂന്നി പ്രദേശങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ഇതു കാരണം വൈദ്യുതി ബോർഡിനും നഷ്ടമുണ്ടാകുകയുംചെയ്തു. വിഷുത്തലേന്ന് വൈദ്യുതി മുടങ്ങിയത് നാട്ടുകാരുടെ പ്രതിഷേധത്തിനും കാരണമായി.
ഇത്തരം പ്രവൃത്തികൾ വൈദ്യുതിമുടക്കത്തിന് പുറമെ സുരക്ഷക്കും ഭീഷണിയായതിനാൽ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മട്ടന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിലെ അസി. എൻജിനീയർ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി കാമറകളും സംശയകരമായ വാഹനങ്ങളുമടക്കം പരിശോധിച്ചുവരികയാണ്. നാല് സ്ഥലങ്ങളിലെ ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ ഊരി വലിച്ചെറിഞ്ഞതിന്റെ ലക്ഷ്യം എന്താണെന്നു കണ്ടെത്തുകയാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

