കാലാവധികഴിഞ്ഞ പോളിയോ മരുന്ന് കുത്തിവെച്ചതായി പരാതി
text_fieldsമട്ടന്നൂര്‍: കുഞ്ഞിന് കാലാവധി കഴിഞ്ഞ പോളിയോമരുന്ന് കുത്തിവെച്ചതായി പൊലീസിൽ പരാതി. മട്ടന്നൂര്‍ ആശ്രയ ഹോസ്പിറ്റലില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ കുത്തിവെച്ച നാലായിരം രൂപയുടെ പോളിയോ മരുന്ന് കാലാവധി കഴിഞ്ഞതാണെന്നാണ് മട്ടന്നൂർ പൊലീസിൽ നല്കിയ പരാതി.
കാര എൽ.പി സ്കൂളിനു സമീപം ദ്വാരകയിൽ ഡോ. അതുല്യ ചന്ദ്രാജിയുടെ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനാണ് നവംബര്‍ വരെ കാലാവധിയുള്ള മരുന്നു നല്‍കിയതായി പരാതി.
ആശുപത്രിയില്‍ അന്വേഷിച്ചപ്പോള്‍ ഡോക്ടറും ജീവനക്കാരും നിസ്സാരവത്കരിക്കന്ന സമീപനമാണ് സ്വീകരിച്ചതെന്ന് മട്ടന്നൂര്‍ പൊലീസിൽ അതുല്യ ചന്ദ്രാജിയുടെ പിതാവ് ചന്ദ്രാജി മട്ടന്നൂർ നല്കിയ പരാതിയില്‍ പറയുന്നു.
കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലപരിധി കഴിഞ്ഞ മരുന്നാണ് കുഞ്ഞിന് കുത്തിവെച്ചതെന്ന് വ്യക്തമായതെന്ന് പരാതിയില്‍ പറയുന്നു.

