മട്ടന്നൂര്‍: പഴശ്ശി സാഗര്‍ മിനി ജലവൈദ്യുതി പദ്ധതി പ്രദേശത്ത് തുരങ്കത്തിനായി പാറപൊട്ടിക്കുമ്പോള്‍ വീട് തകരുമോയെന്ന ഭീതിയിലാണ് സമീപവാസിയായ പാണ്ടിക്കടവത്ത് വേലായുധനും ഭാര്യ ജാനകിയും.ഓരോ സ്ഫോടനവും ഇവരുടെ വീടിെൻറ തകര്‍ച്ചക്ക് ആക്കംകൂട്ടുകയാണ്. അധികൃതർക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പഴശ്ശി ഡാമിനു സമീപം തുരങ്കങ്ങള്‍ നിർമിക്കുന്നതിന് പാറ പൊട്ടിക്കുന്നതാണ് ഈ വൃദ്ധ ദമ്പതികളെ ആശങ്കയിലാഴ്ത്തുന്നത്.
ഓരോ തവണ സ്ഫോടനം നടക്കുമ്പോഴും വീട് ഞെരുങ്ങുന്നു. ഭിത്തികള്‍ മിക്കയിടത്തും വീണ്ടുകീറി.ജനലുകളും കട്ടിലകളും ചേരുന്നഭാഗം ചുമരുമായി വിട്ടുനില്‍ക്കുകയാണ്. സ്ഫോടനങ്ങളില്‍ വീടിെൻറ ഓട് ഇളകിനീങ്ങിയതിനാല് മഴയത്ത് വീട് മുഴുവന്‍ ചോര്‍ച്ചയിലായിരുന്നു.
ചോര്‍ച്ച അസഹ്യമായതോടെ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ താൽക്കാലിക പരിഹാരമെന്നോണം ടാര്‍പോളിന്‍ ഷീറ്റ് വാങ്ങി നല്‍കുകയായിരുന്നു. വീട് തകര്‍ച്ചയുടെ വക്കിലായതോടെ വൈദ്യുതി മന്ത്രി എം.എം. മണിക്ക് പരാതി നല്‍കിയിരുന്നു. പരാതി സ്വീകരിച്ചതായി മറുപടി ലഭിച്ചെങ്കിലും തുടര്‍ന്നുള്ള നടപടിക്കായി അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ കോഴിക്കോട് ഓഫിസില്‍ പോകാനാണത്രെ നിർദേശിച്ചത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ഇവര്‍ക്ക് യാത്രചെയ്യാന്‍ കഴിയില്ല എന്നതാണു സ്ഥിതി. അടുത്ത ഒരു സ്ഫോടനത്തോടെ വീട് തകര്‍ന്നേക്കുമെന്ന ഭീതിയിലാണ് ഇൗ ദമ്പതികള്‍.