വീട് കുത്തിത്തുറന്ന് കവർച്ച; പ്രതി പിടിയിൽ
text_fieldsപ്രതി നവാസ് അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം
മട്ടന്നൂർ: തെരൂർ പാലയോട് വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണാഭരണവും 10,000 രൂപയും കവർന്ന സംഭവത്തിലെ പ്രതിയെ മട്ടന്നൂർ പൊലീസ് പിടികൂടി. പാലക്കാട് അലനെല്ലൂർ സ്വദേശി എം. നവാസിനെയാണ് കാട്ടിക്കുളത്ത് പൊലീസ് പിടികൂടിയത്. തെരൂർ പാലയോട്ടെ പൗർണമിയിൽ ടി. നാരായണന്റെ വീട്ടിലാണ് കവർച്ച നടത്തിയത്. മുൻവശത്തെ വാതിൽ ആയുധമുപയോഗിച്ച് തുറന്നാണ് മോഷണം നടത്തിയത്. വീടിന് ചുറ്റും സ്ഥാപിച്ച കാമറകൾ തകർത്ത് കൊണ്ടുപോയിരുന്നു.
കവർച്ച നടത്തിയതിന്റെ തലേ ദിവസം വീട് നിരീക്ഷിച്ച് രാത്രിയോടെ ആയുധങ്ങളുമായി എത്തുകയായിരുന്നു. തുടർന്ന് രാത്രിയിൽ 12ന് കവർച്ച നടത്തുകയായിരുന്നു. കർണാടകയിലും കേരളത്തിലുമായി വിവിധയിടങ്ങളിൽ യാത്ര ചെയ്ത് ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
പ്രതിയെ പിടികൂടാൻ മട്ടന്നൂർ ഇൻസ്പെക്ടർ എം.വി. ബിജുവിന്റെ നിർദേശ പ്രകാരം എസ്.ഐ സി.പി. ലിനേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. റാം മോഹൻ, എ.എസ്.ഐ ജോബി പി. ജോൺ, എസ്.സി.പി.ഒ സിറാജുദ്ദീൻ, സി.പി.ഒമാരായ കെ.വി. ധനേഷ്, കെ. രതീഷ്, സി.എസ്. ഷംസീർ അഹമ്മദ്, സി.പി. അനീസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ മട്ടന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

