മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ്; പുതുക്കിയ വോട്ടര്‍പട്ടികയിൽ പലരും പടിക്കുപുറത്ത്
text_fieldsമട്ടന്നൂര്‍: നഗരസഭയില്‍ ആറാമത് പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കകം വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെ പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ വ്യാപക ക്രമക്കേടുള്ളതായി യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പുതിയ പട്ടികയില്‍ 7100 വോട്ട് പുതുതായി ഉള്‍പ്പെടുകയും നാലായിരത്തോളം വോട്ട് തള്ളപ്പെടുകയും ചെയ്തിട്ടുണ്ട്.
2017ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് 35 വാര്‍ഡുകളിലും കരട് പട്ടിക തയാറാക്കിയിരുന്നത്. അതില്‍ 17,185 പുരുഷന്മാരും 19,060 സ്ത്രീകളും രണ്ട് ഭിന്നലിംഗക്കാരും ഉള്‍പ്പെടെ ആകെ 36,247 വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. പുതിയ പട്ടികയില്‍ 18,200 പുരുഷന്മാരും 20,609 സ്ത്രീകളും രണ്ട് ഭിന്നലിംഗക്കാരും ഉള്‍പ്പെടെ ആകെ 38,811 വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. പല വോട്ടുകളും തള്ളപ്പെട്ടത് ആ വാര്‍ഡില്‍ താമസമില്ല എന്ന കാരണത്താലാണ്. എന്നാല്‍, പലരും 2017നുശേഷം വാര്‍ഡ് മാറിയെങ്കിലും ഇവര്‍ നഗരസഭയില്‍ തന്നെയാണ് താമസം. മറ്റൊരിടത്തും വോട്ടില്ലാത്ത ചിലരുടെ വോട്ടാണ് വാര്‍ഡില്‍ താമസമില്ല എന്ന ലഘുകാരണത്താല് തള്ളിയത്. എന്നാല്‍, ഇവര്‍ക്ക് മറ്റു വാര്‍ഡുകളില്‍ വോട്ടില്ല എന്നത് കേള്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല എന്ന പരാതിയുണ്ട്.
2017ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി കരട് പട്ടിക തയാറാക്കുന്നതായി തെരഞ്ഞെടുപ്പ് കമീഷന്റെ പ്രഖ്യാപനമുണ്ടായതിനാല്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടു എന്ന കാരണത്താല്‍ പലരും വാര്‍ഡ് മാറ്റി വോട്ട് ചേര്‍ത്തിരുന്നില്ല. ഇവരുടെ വോട്ടാണ് തള്ളപ്പെട്ടതില്‍ ഏറെയും. വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നിയമനടപടിക്ക് ഒരുങ്ങുകയാണ്. കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കും. ചിലര്‍ ഒരു വാര്‍ഡില്‍ തള്ളുകയും മറ്റൊരു വാര്‍ഡില്‍ പേര് ചേര്‍ക്കുകയും ചെയ്തുവെങ്കിലും പുതിയ വാര്‍ഡില്‍ പേര് ചേര്‍ക്കപ്പെടുകയും പഴയത് നിലനിര്‍ത്തുകയും ചെയ്തിരിക്കുകയാണ്. പലരും ഇത്തരത്തില്‍ രണ്ട് വോട്ടിന് അര്‍ഹരാവുന്ന സാഹചര്യമുണ്ടെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സുരേഷ് മാവില, ടി.വി. രവീന്ദ്രന്, വി.എന്‍. മുഹമ്മദ്, എം. ദാമോദരന്‍, വി. മോഹനന് എന്നിവര്‍ പങ്കെടുത്തു.