പനിക്കാലത്തും ആരോഗ്യ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം
text_fieldsകണ്ണൂർ: കാലവർഷം ശക്തമാകുമ്പോഴും പകർച്ചവ്യാധി പടരുമ്പോഴും ജില്ലയിൽ ആരോഗ്യ വകുപ്പിൽ കൂട്ട സ്ഥലംമാറ്റത്തിന് നീക്കം. പൊതു സ്ഥലംമാറ്റത്തിനുള്ള കരടുപട്ടിക ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികകളിലുള്ള സ്ഥലം മാറ്റത്തിനുള്ള പട്ടികയാണ് ഇപ്പോൾ ജില്ല ആരോഗ്യ വകുപ്പ് ഇറക്കിയിരിക്കുന്നത്. ഫെബ്രുവരിയിലാണ് സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ജീവനക്കാരിൽനിന്ന് ക്ഷണിച്ചത്. ഓരോ പ്രദേശത്തും മൂന്നുവർഷം ജോലി ചെയ്തവരിൽ നിന്നാണ് സാധാരണ രീതിയിൽ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കുക. ഇങ്ങനെ ലഭിക്കുന്ന അപേക്ഷയിൽ രണ്ടാഴ്ചക്കകം കരട് പട്ടിക തയാറാക്കും. തുടർന്ന് പട്ടികയിൽ പരാതിയുള്ളവരുടെ ഹിയറിങ് പൂർത്തിയാക്കി അന്തിമ പട്ടിക ദ്രുതഗതിയിൽ പുറത്തിറക്കാറാണ് പതിവ്.
എന്നാൽ, ഫെബ്രുവരിയിലുള്ള അപേക്ഷയിൽ നാലുമാസം കഴിഞ്ഞാണ് ഇപ്പോൾ കരടുപട്ടിക പുറത്തിറക്കിയിരിക്കുന്നത്. പകർച്ചപ്പനിയടക്കം ജില്ലയിൽ വ്യാപകമാകുമ്പോൾ ജീവനക്കാരുടെ സ്ഥലംമാറ്റം ആരോഗ്യ പ്രവർത്തനത്തെ താളം തെറ്റിക്കും. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരാണ് ഓരോ പ്രദേശങ്ങളിലെയും ആരോഗ്യ സ്ഥിതി വിവരശേഖരണമടക്കമുള്ള ഫീൽഡ് വർക്കിലേർപ്പെടുന്നവർ. അതത് പ്രദേശങ്ങളിലെ ആരോഗ്യ വിവരം സംബന്ധിച്ച് വ്യക്തമായി ധാരണയുള്ളവരും ഈ തസ്തികയിലുള്ളവർക്കായിരിക്കും. പനിയടക്കമുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ഇത്തരം ജീവനക്കാരെ സ്ഥലംമാറ്റുന്നത് പ്രതിരോധ പ്രവർത്തനങ്ങളെയടക്കം സാരമായി ബാധിക്കും. കൂടാതെ ഗ്രാമപ്രദേശങ്ങളിലെ പി.എച്ച്.സി, സി.എച്ച്.സികളുടെ പ്രവർത്തനത്തെയും താളംതെറ്റിക്കും.
ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ ജനുവരിയിലുള്ള സ്ഥലംമാറ്റത്തിനുള്ള അപേക്ഷയിൽ നടപടികൾ പൂർത്തിയായിരുന്നു. എന്നിട്ടും ഫെബ്രുവരിയിലുള്ള അപേക്ഷയിൽ ഏറെ വൈകി മൺസൂൺ കാലത്ത് പകർച്ചവ്യാധികൾ നാടാകെ പകരുമ്പോൾ കൂട്ട സ്ഥലംമാറ്റത്തിനുള്ള നടപടി ജീവനക്കാരിൽ നിന്നടക്കം പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

