ഇനിയും പലർക്കും സ്ഥാനം പോകുമെന്ന സൂചനയുമായി കെ. സുധാകരൻ
text_fieldsജില്ല കോൺഗ്രസ് നേതൃസംഗമം കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ: ഇനിയും പലർക്കും സ്ഥാനം പോകുമെന്ന് സൂചന നൽകി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി. കണ്ണൂരിൽ കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യവേയാണ് ഇൗ സൂചന നൽകിയത്. കെ.പി.സി.സിയുടെ കർക്കശ നിലപാട് താഴെത്തട്ടിൽ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി.സി.സി നേതൃയോഗം സംഘടിപ്പിച്ചത്. കോൺഗ്രസ് അടിമുടി മാറുകയാണെന്ന ധാരണ താഴെത്തട്ടിലും എത്തിക്കുകയാണ് കെ.പി.സി.സി നേതൃത്വം. നഷ്ടപ്പെട്ട അച്ചടക്കം തിരിച്ചുപിടിക്കലാണ് ലക്ഷ്യം. ഉദ്ഘാടകനായ കെ. സുധാകരൻ പ്രധാനമായും സംസാരിച്ചത് അച്ചടക്കത്തിൽ ഉൗന്നിയായിരുന്നു. സെമി കേഡറിലേക്ക് പാർട്ടി കടന്നാൽ പിന്നെ ഗ്രൂപ് ഉണ്ടാകരുതെന്ന കെ.പി.സി.സിയുടെ ആഗ്രഹവും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ പാർട്ടിയുടെ സ്ഥിതി അതിദയനീയമാണെന്ന് നേതാക്കളെ ഉണർത്തിയ അദ്ദേഹം, അച്ചടക്കമില്ലാതെ പാർട്ടിക്ക് മുന്നോട്ടുപോകാനാവില്ലെന്നും വ്യക്തമാക്കി.കണ്ണൂർ ഡി.സി.സി ഓഫിസിലായിരുന്നു നേതൃയോഗം നടന്നത്.
ഗാന്ധിയൻ രീതിയിലുള്ള പ്രവർത്തനമാണ് പാർട്ടിയെ ശക്തിപ്പെടുത്താൻ ആവശ്യം. സി.പി.എം -ബി.ജെ.പി കൂട്ടുകെട്ടിനെ പ്രതിരോധിക്കാൻ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിെൻറ ആവശ്യകതയാണെന്ന് കെ. സുധാകരൻ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് വർക്കിങ് പ്രസിഡൻറുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി, പി.ടി. തോമസ് എം.എൽ.എ, ടി. സിദ്ദീഖ് എം.എൽ.എ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി എന്നിവർ സംസാരിച്ചു. അഡ്വ. സണ്ണിജോസഫ് എം.എൽ.എ, മുൻ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ, വി.എ. നാരായണൻ, സജ്ജീവ് മാറോളി, മേയർ അഡ്വ. ടി.ഒ. മോഹനൻ, സെക്രട്ടറിമാരായ ഡോ. കെ.വി. ഫിലോമിന, ചന്ദ്രൻ തില്ലങ്കേരി, യു.ഡി.എഫ് ചെയർമാൻ പി.ടി. മാത്യു, മുൻ യു.ഡി.എഫ് ചെയർമാൻ പ്രഫ. എ.ഡി. മുസ്തഫ, എം. നാരായണൻ കുട്ടി, കെ.സി. മുഹമ്മദ് ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.