കണ്ണൂരിലുമുണ്ട്, കുറേ കെട്ടിടങ്ങൾ വീഴാൻ
text_fieldsഅപകട നിലയിലായ കാൾടെക്സ് ജങ്ഷനിലെ കെട്ടിടം
കണ്ണൂർ: കാലപ്പഴക്കം ചെന്ന് അപകട നിലയിലായിട്ടും പൊളിച്ചു നീക്കാതെ നിരവധി കെട്ടിടങ്ങൾ നഗരത്തിലും. ഇതിൽ ചില കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങൾക്ക് മുന്നേ കോർപ്പറേഷൻ നോട്ടീസ് നൽകിയവയുമുണ്ട്.
സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്നും പൊളിച്ചു നീക്കണമെന്നും നിർദ്ദേശം നൽകിയിട്ടും ചിലരുടെ ഒത്താശയിൽ പിന്നീടും മാസവാടക വാങ്ങി കെട്ടിടം പതിവുപോലെ നിലനിർത്തുകയാണ് ചെയ്തിട്ടുളളത്.
കാൾടെക്സ് ജങ്ഷനിൽ സന്നിധാനം റോഡിൽ മുമ്പ് എസ്.ബി.ഐ പ്രവർത്തിച്ച കെട്ടിടം അപകടാവസ്ഥയിലാണ്. ഈ കെട്ടിടത്തിൽനിന്ന് അടുത്തിടെ സീലിങ് അടർന്ന് വീണ് കാറുകൾക്ക് കേടുപാട് സംഭവിച്ചിരുന്നു. സാമൂഹിക വിരുദ്ധർ തമ്പടിക്കുന്ന സ്ഥലം കൂടിയാണിത്. തളാപ്പിലെ കെട്ടിടം, പഴയ ബസ് സ്റ്റാൻഡിനടുത്ത വിവിധ കെട്ടിട്ടങ്ങൾ, പഴയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ്, മാർക്കറ്റ് പരിസരത്തെ കെട്ടിടം, താണയിലെ കെട്ടിടം, തെക്കി ബസാറിലെ കെട്ടിടം, പള്ളിക്കുന്നിലെ കെട്ടിടം തുടങ്ങി ഒട്ടേറെ കെട്ടിടങ്ങളാണ് ഭീഷണിയുയർത്തുന്നത്.
പുതിയ കെട്ടിടം നിർമിക്കാൻ കർശന നിയമം പാലിക്കണമെന്നതിനാലാണ് പല ഉടമകളും പഴയവ പൊളിച്ചു മാറ്റാതിരിക്കുന്നത്. ചില കെട്ടിടങ്ങൾ ഏതു സമയവും നിലം പതിക്കുമെന്ന ഘട്ടത്തിലും പുറം മോടി പിടിപ്പിച്ച് വാടകക്ക് നൽകുകയും ചെയ്തിട്ടുണ്ട്. വലിയ അപകടങ്ങൾ ഉണ്ടാവുന്നതിനു മുന്നേ അധികൃതർ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്. നിയമം ലംഘിച്ച് നിർമ്മിച്ച നിരവധി കെട്ടിടങ്ങളും നഗരത്തിലുണ്ട്. കോടതി ഇടപെട്ട് പൊളിക്കാൻ നിർദ്ദേശിച്ചവയും ഇവിടെയുണ്ട്.
കർശന നടപടിയെടുക്കും-മേയർ
നഗരത്തിൽ കാലപ്പഴക്കം ചെന്ന് അപകടാവസ്ഥയിലായ നിരവധി കെട്ടിടങ്ങളുണ്ടെന്നും പരിശോധിച്ച് അടിയന്തിരമായി പൊളിച്ചു മാറ്റാൻ കർശന നടപടി സ്വീകരിക്കുമെന്നും കോർപ്പറേഷൻ മേയർ പി. ഇന്ദിര പറഞ്ഞു.
നേരത്തെ നിർദ്ദേശം നൽകിയിട്ടും പൊളിച്ചു നീക്കാത്ത നിരവധി കെട്ടിടങ്ങൾ ഉണ്ടെന്നാണ് അറിയുന്നത്. ജനങ്ങൾക്ക് ഭീഷണിയായി അപകടാവസ്ഥയിലായ കെട്ടിടങ്ങൾ നോട്ടീസ് ലഭിച്ചിട്ടും പൊളിക്കാത്തതിനെതിരെ വേറെയും നടപടിയെടുക്കുമെന്നും മേയർ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

