മാനന്തവാടി– വിമാനത്താവള റോഡ്: സർവേ തുടങ്ങി
text_fieldsകേളകം: മാനന്തവാടി–മട്ടന്നൂർ വിമാനത്താവള റോഡ് പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ കേളകം, തോലമ്പ്ര വില്ലേജുകളിൽ ആർ.ടി.കെ. (റിയൽ ടൈം കൈനമാറ്റിക്) സർവേ ആരംഭിച്ചു.
സബ് ഡിവിഷൻ സർവേ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സർവേ ആരംഭിച്ചത്. ജി.പി.എസ്. സാറ്റലൈറ്റുകളുടെ സഹായത്തോടെ ഭൂമിയുടെ അതിർത്തികളും അളവുകളും സെന്റിമീറ്റർ തലത്തിൽ കൃത്യതയോടെ നിർണയിക്കാൻ കഴിയുന്ന സംവിധാനമാണ് ആർ.ടി.കെ. സർവേ. റോവർ സ്റ്റിക്കുകൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് സ്ഥലങ്ങളുടെ അളവുകൾ രേഖപ്പെടുത്തുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ വില്ലേജുകളിലെയും സർവേ നടപടികൾ പൂർത്തിയാക്കിയ ശേഷം റവന്യൂ വിഭാഗം വിശദമായ റിപ്പോർട്ട് ജില്ലാഡയറക്ടർക്ക് സമർപ്പിക്കും. തുടർന്ന് ഭൂഉടമകളുടെ സ്ഥലങ്ങളിൽ നേരിട്ടെത്തി അതിർത്തിക്കല്ലുകൾ സ്ഥാപിച്ച് വിശദമായ കണക്കെടുപ്പ് നടത്തും. റോഡ് വികസനത്തിനായി ഓരോ ഭൂഉടമയിൽനിന്നും എത്ര ഭൂമി ഏറ്റെടുക്കേണ്ടിവരും, കെട്ടിടങ്ങളുടെ ഏതെല്ലാം ഭാഗങ്ങൾ ഏറ്റെടുക്കേണ്ടിവരും തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ കൃത്യമായി നിർണയിക്കും.
ഈ കണക്കെടുപ്പിന്റെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും ഭൂഉടമകൾക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കുക. സർവേ നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഭൂഉടമകൾ സ്ഥലത്ത് സന്നിഹിതരായി സ്വന്തം ഭൂമിയുടെ അതിർത്തികൾ ഉദ്യോഗസ്ഥർക്ക് കൃത്യമായി കാണിച്ചുകൊടുക്കണമെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവള റോഡ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികളിൽ നിർണായകമായ ഘട്ടമായാണ് സർവേയെ കാണുന്നത്.

