സ്കൂൾ പൂട്ടാൻ മാനേജ്മെന്റ്; നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം
text_fieldsമാട്ടൂൽ പഞ്ചായത്തിലെ ആദ്യത്തെ എയ്ഡഡ് വിദ്യാലയം തെക്കുമ്പാട് എ.എൽ.പി സ്കൂൾ
പഴയങ്ങാടി: 105 വർഷംമുമ്പ് സ്ഥാപിതമായതും മാട്ടൂൽ പഞ്ചായത്തിലെ ആദ്യത്തെ എയ്ഡഡ് വിദ്യാലയവുമായ ഇരിണാവ് തെക്കുമ്പാട് എ.എൽ.പി സ്കൂൾ ഈ അധ്യയന വർഷത്തിൽ പൂട്ടാൻ സർക്കാറിനോട് ആവശ്യപ്പെട്ട മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധം രൂക്ഷമായി. മാനേജ്മെന്റ് നീക്കത്തിനെതിരെ എം. വിജിൻ എം.എൽ.എ മുഖ്യ രക്ഷാധികാരിയും മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ഫാരിഷ, കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. രതി എന്നിവർ രക്ഷാധികാരിമാരുമായി ജനപ്രതിനിധികൾ, അധ്യാപകർ, അധ്യാപക സംഘടന പ്രതിനിധികൾ, രാഷ്ടീയ സംഘടന പ്രതിനിധികൾ രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ ചേർന്ന് സംരക്ഷണ സമിതി രൂപവത്കരിച്ചു.
നാല് അധ്യാപകരാണ് നിലവിലുള്ളത്. നാല് ക്ലാസുകളിലായി 20 വിദ്യാർഥികൾ പഠനം നടത്തുന്നു. ചതുപ്പ് പ്രദേശത്ത് നിലകൊള്ളുന്നതിനാൽ വിദ്യാലയത്തിന് യോഗ്യത സാക്ഷ്യപത്രം ലഭിക്കില്ലെന്നും അതിനാൽ പുതിയ നിർമാണ പ്രവർത്തനങ്ങൾ അസാധ്യമാണെന്നും വിദ്യാർഥികൾ കുറവാണെന്നും പറഞ്ഞ് മാനേജ്മെന്റ് സർക്കാറിനോട് വിദ്യാലയം പൂട്ടാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, ആവശ്യമായ അറ്റകുറ്റപ്പണികൾ വർഷംതോറും പി.ടി.എയും അധ്യാപകര്യം ചേർന്ന് നടത്തുന്നുണ്ടെന്നും വിദ്യാലയത്തിന് ആവശ്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാറുണ്ടന്നും അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. മാനേജ്മെൻറ് ആവശ്യപ്പെട്ടതിനെത്തുടർന്ന് സർക്കാർ മാടായി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.വി. രാധാകൃഷ്ണനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു.
2023 മെയ് 31 വരെ സ്കൂളിന് ഫിറ്റ്നസുള്ളതായും ചതുപ്പ് നിലമല്ലാത്ത, തെങ്ങും മാവും പച്ചക്കറികളടക്കമുള്ള സ്ഥലമാണെന്നും സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം പ്രളയകാലത്ത് പോലും വെള്ളം കയറാത്ത സുരക്ഷിത മേഖലയാണെന്നും ഈ അധ്യയന വർഷാരംഭത്തിനുമുമ്പ് മേൽക്കൂര മാറ്റിയതായും വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കാനാകുമെന്നും പ്രധാനാധ്യാനിക എം.കെ. ദ്രൗപതി നൽകിയ വിശദീകരണത്തോടെ മാടായി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയതായാണ് വിവരം.