10 ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങളുമായി മധ്യവയസ്കൻ അറസ്റ്റിൽ
text_fieldsപുഷ്പരാജ്
ഇരിട്ടി: മലയോര മേഖലയിൽ തേൻ വിൽപനയുടെ മറവിൽ വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. കന്യാകുമാരി കുലശേഖരത്തെ പുഷ്പരാജി(52) നെയാണ് ഇരിട്ടി എസ്.ഐ കെ. ഷറഫുദ്ദീൻ അറസ്റ്റ് ചെയ്തത്.
ഇയാൾ സഞ്ചരിച്ച വാഹനത്തിൽനിന്നും വാടക വീട്ടിൽനിന്നുമായി പൊലീസ് 35 ചാക്ക് നിരോധിത പാൻ ഉൽപന്നങ്ങൾ പിടികൂടി. ശനിയാഴ്ച പുലർച്ചെ 4.30ന് കൂട്ടുപുഴ ചെക്ക് പോസ്റ്റിനു സമീപം വാഹന പരിശോധനക്കിടയിലാണ് ഇയാൾ നിരോധിത പുകയില ഉൽപന്നങ്ങളുമായി പിടിയിലായത്. കർണാടകയിൽനിന്ന് വരികയായിരുന്ന ഇയാൾ സഞ്ചരിച്ച കാർ പരിശോധിച്ചപ്പോഴാണ് നിരവധി ചാക്കുകെട്ടുകളിൽ പാൻ ഉൽപന്നങ്ങൾ കാണപ്പെട്ടത്. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ ഇയാളുടെ വട്യാംതോടിലെ കടമനക്കണ്ടി കോളനിയിലെ വാടകവീട്ടിലും പാൻമസാല ശേഖരം ഉള്ളതായി വ്യക്തമായി.
തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലും നിരവധി ചാക്ക് പാൻ മസാലകൾ കൂടി പിടികൂടുകയായിരുന്നു. 31,750 പാക്കറ്റ് പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. കഴിഞ്ഞ വർഷവും ഇയാളിൽനിന്നും നിരോധിത പാൻ ഉൽപന്നങ്ങൾ പിടികൂടിയിരുന്നു.കാക്കയങ്ങാട് കായപ്പനച്ചിയിലെ വാടകവീട്ടിൽനിന്നും കരിക്കോട്ടക്കരി പൊലീസ് 20 ചാക്ക് പാൽ ഉൽപന്നങ്ങളാണ് അന്ന് പിടിച്ചെടുത്തത്.
ലക്ഷ്യം തെരഞ്ഞെടുപ്പിന് മുമ്പ് പരമാവധി സംഭരിക്കുക
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാൽ സുരക്ഷാ നടപടികൾ ശക്തമാക്കും. ഇതര സംസ്ഥാനത്തുനിന്നും കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിന് സംസ്ഥാനാതിർത്തിയിലും പ്രത്യേക പരിശോധന ഉണ്ടാകും. അതിന് മുമ്പ് പരമാവധി പുകയില ഉൽപന്നങ്ങൾ കർണാടകയിൽനിന്ന് കടത്തി കേരളത്തിലെത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് എസ്.ഐ കെ. ഷറഫുദ്ദീൻ പറഞ്ഞു. ജില്ലയിലെ പാറമടകളിലും ചെങ്കൽ മേഖലയിലും തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യംവെച്ചാണ് വൻതോതിൽ കടത്തിക്കൊണ്ടുവന്നിരിക്കുന്നത്. ഇതിന് വിപണിയിൽ 10 ലക്ഷത്തോളം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. പരിശോധന സംഘത്തിൽ സി.പി.ഒ ഷിജിത്ത്, എസ്.പിയുടെ ഡാൻസാഫ് അംഗങ്ങളായ അനൂപ്, ഷൗക്കത്തലി ജിജിമോൻ, എ.എം. ഷിജോയ്, രതീഷ് കുമാർ എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

