പെരുമ്പാമ്പിനെ കയറിൽകെട്ടി ഉപദ്രവിച്ചയാൾ അറസ്റ്റിൽ
text_fieldsതളിപ്പറമ്പ്: പെരുമ്പാമ്പിനെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ചെറിയ അരീക്കാമല സ്വദേശി അറസ്റ്റിൽ. കുളങ്ങര വീട്ടിൽ സുമേഷിനെയാണ് വനം റേഞ്ച് ഓഫിസർ കെ.വി. ജയപ്രകാശ് അറസ്റ്റ് ചെയ്തത്. പരിസ്ഥിതി പ്രവർത്തകനായ വിജയ് നീലകണ്ഠന് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനടുത്തുള്ള പറമ്പിൽ നിർമാണ ജോലിക്കെത്തിയ സംഘാംഗമാണ് അറസ്റ്റിലായ സുമേഷ്. ഇയാൾ പെരുമ്പാമ്പിനെ പിടിക്കുകയും അതിനെ കയറിൽകെട്ടി വിഡിയോ ചിത്രീകരിച്ച് വാട്സ് ആപ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
വിഡിയോ ശ്രദ്ധയിൽപെട്ടതോടെയാണ് വിജയ് നീലകണ്ഠന് പരാതി നൽകിയത്. എന്നാൽ, പെരുമ്പാമ്പിനെ കൊന്നത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. പെരുമ്പാമ്പിനെ കയറിൽ കെട്ടി ഉപദ്രവിച്ച് വിഡിയോയിൽ പകർത്തിയ ശേഷം വിട്ടയച്ചുവെന്നാണ് സുമേഷ് വനംവകുപ്പ് അധികൃതരോട് പറഞ്ഞത്.
വന്യജീവി നിയമ പ്രകാരം സംരക്ഷിത വിഭാഗത്തില്‍പെട്ടതാണ് പെരുമ്പാമ്പ്. ഇതിനെ പിടിക്കുന്നതും കൊല്ലുന്നതും വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്ന് അനുസരിച്ച് പിഴയും ഏഴുവര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.