മോഷ്ടിച്ച എ.ടി.എം കാർഡ് ഉപയോഗിച്ച് പണം കവർന്ന യുവാവ് പിടിയിൽ
text_fieldsതളിപ്പറമ്പ്: നിര്‍ത്തിയിട്ട കാറില്‍ നിന്നും മോഷ്ടിച്ച എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 70,000 രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഗോകുലാണ് (22) അറസ്റ്റിലായത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി സ്കൂട്ടിയിൽ തട്ടി വീഴുകയും പൊലീസ് പിന്തുടർന്ന് പിടികൂടുകയും ചെയ്തു.
ഏപ്രിൽ ഒന്നിനായിരുന്നു കേസിനാസ്പദ സംഭവം. താഴെ ബക്കളത്തെ സ്നേഹ ഇന്ബാറിന് മുന്‍വശം നിര്‍ത്തിയിട്ട ചൊക്ലി ഒളവിലത്തെ മനോജ്കുമാറിെൻറ കെ.എല്‍ 58 എ.എ 5720 കാറില്‍ നിന്നും പ്രതി എ.ടി.എം കാർഡ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. മോഷ്ടിച്ച എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് രണ്ട് തവണയായി 5000 വീതവും ഒരു തവണ 60,000 രൂപയുമാണ് പിൻവലിച്ചത്. കാർഡിെൻറ പിറകിൽ പിൻ നമ്പർ രേഖപ്പെടുത്തിയതിനാൽ പണം പിൻവലിക്കാൻ പ്രതിക്ക് എളുപ്പമായി.
60,000 രൂപക്ക് തളിപ്പറമ്പിലെ ഒരു കടയിൽ നിന്നും ഐഫോൺ വാങ്ങുകയും മറ്റൊരു കടയിൽ അത് മറിച്ചു വിൽക്കുകയും ചെയ്തു. മനോജ് കുമാറിെൻറ പരാതിയിൽ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ഗോവയിലേക്ക് രക്ഷെപ്പടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാവിലെ തളിപ്പറമ്പിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ വാഹനത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ചപ്പാരപ്പടവ് സ്വദേശിനിയായ പി.പി. ഷറീജ (28) യുടെ സ്കൂട്ടറിൽ തട്ടിയാണ് വീണത്. പിന്തുടർന്നെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തു.
പരിക്കേറ്റ യുവതിയെയും പ്രതിയെയും ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രെൻറ നിർദേശപ്രകാരം സി.ഐ വി. ജയകുമാർ, എസ്.ഐ പുരുഷോത്തമൻ, സിവിൽ പൊലീസ് ഓഫിസർമാരായ ഇ.എൻ. ശ്രീകാന്ത്, സി. പുഷ്പജൻ, പ്രകാശൻ തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.