യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsതളിപ്പറമ്പ്: ആലക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആദിവാസി വിഭാഗത്തിൽപെട്ട 42കാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു.
തളിപ്പറമ്പ് പൂവത്ത് വാടകക്ക് താമസിക്കുന്ന വെളിയത്ത് സുമോദ് ജോസിനെയാണ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ അറസ്റ്റ് ചെയ്തത്. സൗഹൃദം നടിച്ച് വലയിൽ വീഴ്ത്തി ഭർതൃമതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. കരുവഞ്ചാലിലെ സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തുവരുകയായിരുന്നു സുമോദും പരാതിക്കാരിയും. ഇതിനിടയിലാണ് ഇരുവരും സൗഹൃദത്തിലായത്.
2019 ഒക്ടോബർ മുതൽ 2021 ഫെബ്രുവരിവരെയുള്ള കാലയളവിൽ പലതവണയായി ഭർതൃമതിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഇതിനിടയിൽ ഇയാളുടെ സ്വഭാവദൂഷ്യം ശ്രദ്ധയിൽപ്പെട്ട സ്ഥാപന അധികൃതർ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. തുടർന്ന് തളിപ്പറമ്പിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുവരികെയാണ് പൊലീസ് പിടിയിലാകുന്നത്.
നേരേത്ത കർണാടകയിൽ ആയിരുന്ന സുമോദിനെതിരെ അവിടെയും ഇത്തരത്തിലുള്ള ചില പരാതികൾ ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.