ഓൺലൈൻ തട്ടിപ്പിൽ പഠിക്കാതെ മലയാളി; അഞ്ച് ദിവസത്തിനിടെ നഷ്ടമായത് അരക്കോടി
text_fieldsകണ്ണൂർ: പ്ലീസ്, എന്നെയൊന്ന് പറ്റിക്കൂ എന്ന നിലപാടിലാണ് മലയാളികൾ. അഞ്ച് ദിവസത്തിനിടെ ജില്ലയിൽ അരക്കോടിയോളം രൂപയുടെ ഓൺലൈൻ തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തത്. ഒ.ടി.പി പങ്കുവെച്ചും ഓൺലൈനിൽ ജോലി വാഗ്ദാനം ചെയ്തും യുവാക്കൾക്ക് നാലുലക്ഷത്തോളം രൂപ നഷ്ടമായ സംഭവങ്ങളിൽ ചൊവ്വാഴ്ച പൊലീസ് കേസെടുത്തു. ജാഗ്രത വേണമെന്ന് പൊലീസും മാധ്യമങ്ങളുമെല്ലാം എത്രതന്നെ പറഞ്ഞാലും അഭ്യസ്തവിദ്യരടക്കം തട്ടിപ്പിനിരയാകുന്ന കാഴ്ചയാണ്. ക്രിപ്റ്റോകറൻസി ട്രേഡിങ്, ഓൺലൈൻ ജോലി, ഷെയർ മാർക്കറ്റ്, ഓൺലൈൻ ലോൺ തുടങ്ങിയ തട്ടിപ്പുകളാണ് വ്യാപകം.
ബാങ്കിൽനിന്നാണെന്ന വ്യാജേന ഫോൺ വിളിച്ച് ഒ.ടി.പി ആവശ്യപ്പെട്ട് അക്കൗണ്ടിൽനിന്ന് പണം തട്ടുന്നത് വർധിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പരസ്യം കണ്ട് ലോൺ എടുക്കാൻ ശ്രമിക്കുകയോ ലോൺ ആവശ്യത്തിന് പണം കൊടുക്കുകയോ ചെയ്യരുതെന്നാണ് പൊലീസ് പറയുന്നത്. ക്രിപ്റ്റോകറൻസി ട്രേഡിങ് തട്ടിപ്പിൽ ശനിയാഴ്ച ചക്കരക്കല്ല് സ്വദേശിക്ക് നഷ്ടപ്പെട്ടത് 5000 രൂപയാണ്. വാട്സ്ആപ്പിൽ ക്രിപ്റ്റോകറൻസി ട്രേഡിങ് നടത്തിയാൽ പണം ഇരട്ടിയിലധികം സമ്പാദിക്കാം എന്ന മെസേജ് കണ്ട് താൽപര്യം പ്രകടിപ്പിച്ച ചക്കരക്കൽ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്.
വ്യാജ ലോൺ തട്ടിപ്പ് വഴി മാഹി സ്വദേശിയായ യുവതിക്ക് 40,000 രൂപ നഷ്ടമായത് വെള്ളിയാഴ്ച. ഇൻസ്റ്റഗ്രാമിൽ എസ്.ബി.ഐ ലോൺ പേജിന്റെ പരസ്യം കണ്ട യുവതി അതിൽ ക്ലിക്ക് ചെയ്തപ്പോൾ ഒരു വാട്സ് ആപ് പേജാണ് തുറന്നുവന്നത്. തുടർന്ന് വാട്സ് ആപിൽ രണ്ട് ലക്ഷം രൂപ ലോൺ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ പാൻ കാർഡും ആധാർ കാർഡും ഫോട്ടോയും അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. ലോൺ പാസാവണമെങ്കിൽ പണം അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഓഹരി വിപണിയിൽ നിക്ഷേപിച്ച് കൂടുതൽ പണം സമ്പാദിക്കാമെന്ന ഫേസ്ബുക്ക് പരസ്യത്തിലെ നമ്പറിൽ ബന്ധപ്പെട്ട പ്രവാസിക്ക് കഴിഞ്ഞദിവസം 41.90 ലക്ഷം രൂപയാണ് നഷ്ടമായത്. ഓൺലൈൻ ഓഹരിവിപണിയിൽ നിക്ഷേപിച്ചാൽ കൂടുതൽ പണം സമ്പാദിക്കാനാകുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കാണിച്ച് ക്രസറ്റ് അസറ്റ് മാനേജ്മെന്റ് എൽ.എൽ.സി എന്ന കമ്പനിയുടമ കാർത്തികേയൻ ഗണേശനെതിരെ ഇദ്ദേഹം ടൗൺ പൊലീസിൽ പരാതി നൽകി. പണം നിക്ഷേപിക്കാനുള്ള ലിങ്ക് തട്ടിപ്പുകാർ വാട്സ് ആപ് വഴി അയച്ചുകൊടുത്തിരുന്നു. ഇതുപ്രകാരം ജൂലൈ 23നും ഒക്ടോബർ 12നുമിടയിൽ 41 ലക്ഷം രൂപ വില വരുന്ന ഡോളർ വിദേശ കമ്പനിയിൽ നിക്ഷേപിച്ചു. സുഹൃത്തിൽനിന്ന് 90,000 രൂപ വാങ്ങിയും നിക്ഷേപിച്ചു.
പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാനമായ നിരവധി ഓൺലൈൻ തട്ടിപ്പുകളാണ് ഈ അടുത്ത കാലത്ത് പലസ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പലരും ലക്ഷങ്ങളുടെ തട്ടിപ്പിനാണ് ഇരയായത്.
ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദാനം; യുവാക്കൾക്ക് 1.24 ലക്ഷം നഷ്ടമായി
കണ്ണൂർ: ഓൺലൈൻനായി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കണ്ണൂർ പയ്യാമ്പലം സ്വദേശിയായ യുവാവിന് നഷ്ടമായത് 1,10,518 രൂപ. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. സമാനമായ തട്ടിപ്പിൽ ധർമടം സ്വദേശിയായ യുവാവിനും 14,000 രൂപ നഷ്ടമായി. മോഹവാഗ്ദാനങ്ങൾ നൽകി പലതവണകളായി ഓരോ ടാസ്ക് നൽകിയാണ് തട്ടിപ്പിനിരയാക്കുന്നത്.
ടാസ്ക് ചെയ്യുന്നതിനായി നിശ്ചിത പണം നൽകിയാൽ ടാസ്ക് പൂർത്തീകരിച്ച ശേഷം പണം ലാഭത്തോടെ തിരിച്ചു നൽകും എന്ന് വാഗ്ദാനം നൽകി വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. താൽപര്യം അറിയിച്ചാൽ അതിനോട് അനുബന്ധിച്ച ലിങ്കുകളും മറ്റും അയച്ചുതന്ന് ടാസ്ക് ആരംഭിക്കാൻ ആവശ്യപ്പെടും. തുടക്കത്തിൽ ലാഭത്തോട് കൂടി പണം തിരികെ നൽകുമെങ്കിലും പിന്നീട് ടാസ്ക് ചെയ്യുന്നതിന് വേണ്ടി കൂടുതൽ പണം ആവശ്യപ്പെടുകയും പണം തിരികെ നൽകാതിരിക്കുകയും ചെയ്യുന്നു. ഇതോടെയാണ് ഇതൊരു തട്ടിപ്പാണെന്ന് പലർക്കും മനസ്സിലാകുന്നത്. അപ്പോഴേക്കും ഒരു നല്ല തുക അക്കൗണ്ടിൽ നിന്നും നഷ്ടമായി.
ഒ.ടി.പി പങ്കുവെച്ച യുവാവിന് നഷ്ടമായത് 2.70 ലക്ഷം
കണ്ണൂർ: ബാങ്കിൽ നിന്നാണെന്ന വ്യാജേനയെത്തിയ ഫോൺ വിളിയിൽ ഒ.ടി.പി പങ്കുവെച്ച യുവാവിന് നഷ്ടമായത് 2.70 ലക്ഷം രൂപ. ബാങ്ക് ജീവനക്കാരിയാണെന്ന വ്യാജേന രൂപാലി എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ െക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാനാണ് യുവാവിനെ വിളിച്ചത്. യുവാവിന് ഇന്ത്യൻ ഓയിൽ െക്രഡിറ്റ് കാർഡ് ഉണ്ടെന്നും അത് ഉപയോഗിക്കുന്നില്ലെന്നും കാൻസൽ ചെയ്യണമെന്നും അവരോട് പറഞ്ഞപ്പോൾ അവർ നിർദേശിച്ചത് പ്രകാരം ഫോണിലേക്ക് വന്ന ഒ.ടി.പി പറഞ്ഞുകൊടുത്തു. തുടർന്ന് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായി.
അതിനു ശേഷം സ്ത്രീ വീണ്ടും വിളിക്കുകയും നഷ്ടപ്പെട്ട തുക തിരിച്ചെടുക്കാൻ ഒ.ടി.പി പറഞ്ഞു കൊടുക്കാൻ നിർദേശിച്ചതു പ്രകാരം യുവാവ് ഒ.ടി.പി പറഞ്ഞു കൊടുത്തു. പിന്നീട് അക്കൗണ്ടിലേക്ക് നഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ തുകയെത്തി. തുക ക്രെഡിറ്റായ കാര്യം അവരോട് പറഞ്ഞപ്പോൾ അത് ഭാവിയിൽ ഉപയോഗിക്കാനാണ് എന്ന് പറയുകയും ആ തുക ഇപ്പോൾ വെണ്ടെന്ന് പറഞ്ഞപ്പോൾ അത് ശരിയാക്കാൻ അടുത്ത ഒരു ഒ.ടി.പി കൂടി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് 2,70,000 രൂപ നഷ്ടമായത്. മേയ് 26നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പരാതിപ്പെടാം
സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള പോര്‍ട്ടലിലൂടെയും (http://www.cybercrime.gov.in), 1930 എന്ന സൈബര്‍ ഹെൽപ് ലൈന്‍ നമ്പര്‍ മുഖേനയും പരാതികള്‍ അറിയിക്കാം.
ഓൺലൈൻ വഴി പരിചയപ്പെടുന്നവരെ അമിതമായി വിശ്വസിക്കാതിരിക്കുക. പണം നൽകുന്നതിന് മുമ്പ് ഇത്തരം സ്ഥാപനങ്ങളുടെ ആധികാരികത ഉറപ്പുവരുത്തണം. ഇത്തരം സൈബർ കുറ്റകൃത്യങ്ങളിൽ നിങ്ങൾ ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പൊലീസ് സൈബർ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടണം. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്കാന് പ്രത്യേക വാട്ട്സ്ആപ് നമ്പര്‍ സംവിധാനം നിലവിലുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 9497980900 എന്ന നമ്പറില്‍ വാട്ട്സ്ആപ് വഴി വിവരങ്ങള്‍ കൈമാറാം.
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്കാന് കഴിയുക. ആവശ്യമുള്ള പക്ഷം പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

