ഒരു നാടിനെയാകെ നീന്തൽ പഠിപ്പിച്ച് മലപ്പട്ടത്തെ വായനശാല
text_fieldsമലപ്പട്ടം കൊവുന്തല വായനശാലയുടെ നേതൃത്വത്തിൽ നടക്കുന്ന നീന്തൽ പരിശീലനത്തിൽനിന്ന്
കണ്ണൂർ: വാഹനാപകടങ്ങൾ കഴിഞ്ഞാൽ ജില്ലയിൽ കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെടുന്നത് ജലാശയങ്ങളിലാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നീന്തൽ അറിയാത്തതിനാൽ ഒട്ടേറെ പേരുടെ ജീവനാണ് പുഴയിലും കുളത്തിലും നഷ്ടമാകുന്നത്. കുട്ടികളാണ് മരിക്കുന്നവരിൽ ഭൂരിഭാഗവും. ഈ ദുരന്തം ഒഴിവാക്കാൻ നീന്താൻ പഠിപ്പിക്കുക മാത്രമാണ് ഏക പ്രതിവിധിയെന്ന ബോധ്യത്തിൽ ഒരു നാടിനെയാകെ നീന്തൽ പഠിപ്പിക്കുകയാണ് മലപ്പട്ടം കൊവുന്തലയിലെ അഴീക്കോടൻ സ്മാരക വായനശാല.
അഞ്ച് മുതൽ 50 വയസ്സുവരെയുള്ള നൂറിലധികം നാട്ടുകാരാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കൊവുന്തലയിലെ കുളത്തിൽനിന്ന് നീന്തൽ പഠിച്ചത്. ജീവൻരക്ഷോപാധി, കുട്ടികൾക്ക് മികവു തെളിയിക്കാനാകുന്ന കായികയിനം എന്നിങ്ങനെ രണ്ടുതലങ്ങൾ കണക്കിലെടുത്താണ് നാട്ടിലുള്ളവർക്ക് സൗജന്യമായും ശാസ്ത്രീയമായും നീന്തൽ പരിശീലനം നൽകാൻ വായനശാല തീരുമാനിച്ചത്.
ജൂൺ അവസാന വാരത്തിൽ തുടങ്ങിയ നീന്തൽ പരിശീലനത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. വർഷങ്ങളായി നീന്തൽ പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും പരിശീലനത്തിന് മുന്നിട്ടിറങ്ങാത്തവരും പലതവണ ശ്രമിച്ചിട്ടും പഠിക്കാൻ കഴിയാത്തവരുമൊക്കെ തങ്ങളുടെ ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷത്തിലാണ്.
കൊവുന്തലയിലെ മാത്രമല്ല, പരിസര ഗ്രാമങ്ങളിലെയും ആളുകൾ നീന്തൽ പഠിക്കാനെത്തിയിരുന്നു. ഫയർ ആൻഡ് റസ്ക്യൂ ഓഫിസറും സ്കൂബ ഡൈവറും വായനശാലയുടെ ജോ. സെക്രട്ടറിയുമായ കെ.കെ. വിജിലാണ് പരിശീലകൻ. രാവിലെയും വൈകീട്ടും അവധി ദിവസങ്ങളിലുമൊക്കെയാണ് നീന്തൽ പരിശീലിപ്പിച്ചത്.
ഭയം മാറ്റി മൂന്ന് ദിവസം കൊണ്ടുതന്നെ ആളുകൾക്ക് നീന്തൽ പഠിക്കാൻ സാധിക്കുമെന്ന് വിജിൽ പറഞ്ഞു. പ്രദേശവാസികളായ സന്ദീപ്, ആകർഷ് എന്നിവർ സഹ പരിശീലകരാണ്. കൂടാതെ, നീന്തൽ അറിയുന്ന നാട്ടുകാരും സഹായത്തിനെത്താറുണ്ട്.
പാസിങ് ഔട്ട് ചടങ്ങ്
നീന്തൽ പരിശീലനം പൂർത്തിയാക്കിയവരുടെ പാസിങ് ഔട്ട് ചടങ്ങ് ഞായറാഴ്ച നടന്നു. ഹാൻവീവ് ചെയർമാൻ ടി.കെ. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. നീന്തൽ താരവും ടൂറിസം വകുപ്പ് ലൈഫ് ഗാർഡുമായ ചാൾസ് ഏഴിമല മുഖ്യാതിഥിയായി.
നീന്തൽ പരിശീലകൻ കെ.കെ. വിജിൽ, സഹ പരിശീലകരായ സന്ദീപ്, ആകർഷ് എന്നിവരെ അനുമോദിച്ചു. കെ.സി. അനിൽ കുമാർ സെക്രട്ടറിയായും കെ.വി. സുരേന്ദ്രൻ പ്രസിഡന്റായും പ്രവർത്തിക്കുന്ന വായനശാല കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അടുത്ത ഘട്ടത്തിൽ സമ്പൂർണ നീന്തൽ ഗ്രാമമാക്കി കൊവുന്തലയെ മാറ്റുകയാണ് വായനശാലയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

