മരണക്കയമായി മാക്കുനിക്കുളം; ഒരുമാസത്തിനിടെ രണ്ടു മരണം
text_fieldsയുവാവിനെ കാണാതായതോടെ ആയനിവയലിലെ മാക്കുനിക്കുളത്തിന് സമീപം തടിച്ചുകൂടിയവർ
അഴീക്കോട്: ആയനിവയലിലെ മാക്കുനി തറവാട് ക്ഷേത്രക്കുളം മരണക്കുളമാറുന്നു. ഒരുമാസത്തിനിടെ രണ്ടു മരണമാണ് ഇവിടെയുണ്ടായത്. സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം ഞായറാഴ്ച രാവിലെ കുളിക്കാനെത്തിയപ്പോഴാണ് മാട്ടൂൽ സ്വദേശി ഇസ്മയിലിന് (21) ജീവൻ നഷ്ടമായത്. കണ്ണൂരിനിന്നുമെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തലശ്ശേരിയിൽ നിന്നുമെത്തിയ സ്കൂബാ ഡൈവേഴ്സാണ് ഏറെ നേരത്തെ തിരച്ചിലിന് ശേഷം മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 13നാണ് കുളത്തിൽ മുങ്ങിയ ആളെ രക്ഷിക്കാനെത്തിയ അഴീക്കോട് സ്വദേശിയും കെ.എസ്.ആർ.ടി.സി. ഡ്രൈവറുമായ എം.കെ. ശ്രീജിത്ത് (44) കുളത്തിൽ മുങ്ങി മരിച്ചത്.
മാക്കുനിക്കുളത്തിൽ നീന്താനും കുളിക്കാനുമായി പുറം നാടുകളിൽ നിന്നുമെത്തുന്നവർക്ക് പ്രദേശവാസികൾക്കറിയുന്നതുപോലെ കുളത്തിന്റെ ആഴത്തെ കുറിച്ചോ അപകടങ്ങളെക്കുറിച്ചോ യാതൊരു ധാരണയുമില്ല. ഞായറാഴ്ച രാവിലെ കുളിക്കാനും നീന്താനുമായാണ് ഇസ്മയിൽ അടക്കം നാലു ചെറുപ്പക്കാർ കുളക്കടവിലെത്തിയത്. കനത്ത മഴയെ തുടർന്ന് കുളത്തിൽ നിറയെ വെള്ളമുണ്ടായിരുന്നു.
ഏതാനും സമയം പിന്നിട്ടപ്പോൾ കൂടെയുണ്ടായിരുന്ന മൂന്നു പേർ കരയിലെത്തി ഒരാൾ മുങ്ങിയതായി വിളിച്ചു പറഞ്ഞു. നാട്ടുകാർ കുളത്തിൻ കരയിലേക്കോടിയെത്തി. അക്കൂട്ടത്തിൽ നീന്തൽ വിദഗ്ധരായ ഷാനവാസ്, വൈഷ്ണവ്, അഖിൽ രഞ്ചിത്ത്, ആകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിന് തുനിഞ്ഞെങ്കിലും പത്ത് മീറ്ററോളം ആഴമുള്ള കുളത്തിൽ മുങ്ങിയ ആളെ രക്ഷപ്പെടുത്താൻ നിർവാഹമില്ലായിരുന്നു. ചിലർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. കെ.വി. സുമേഷ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് അനീഷ് എന്നിവരും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തി.
വലിയ മീൻവലയുമായി മത്സ്യ തൊഴിലാളി ഷാജിയും എത്തി. വലയുമായി കുളത്തിലിറങ്ങിയെങ്കിലും അതും പരാജയപ്പെട്ടു. അപ്പോഴേക്കും വളപട്ടണം പൊലീസും അഗ്നിശമന സേനയുമെത്തി. അതും വിജയം കാണാതായപ്പോഴാണ് തലശ്ശേരിയിൽ നിന്നും സ്കൂബാ ഡൈവേഴ്സ് രംഗത്തെത്തിയത്. താമസിയാതെ ഇസ്മയിലിനെ കണ്ടെത്തി. കണ്ണൂർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
സുരക്ഷ ഏർപ്പെടുത്തണം
കുളത്തിന് വേണ്ടത്ര പരിചരണവും സംരക്ഷണവും ഇല്ലാത്തതാണ് അപകടകാരണമായത്. കുളത്തിൽ ഇറങ്ങുന്നവർക്ക് ആഴത്തെക്കുറിച്ചോ അപകടങ്ങളെ കുറിച്ചോ ധാരണയുമില്ല. അവർക്ക് നിർദേശം നൽകാനും ബോർഡുകളൊന്നുമില്ല.
കുളത്തിൻ പരിസരത്ത് ആവശ്യമായ മുന്നറിയിപ്പ് നൽകാൻ സൗകര്യവും സുരക്ഷയും ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരും പ്രദേശവാസികളും ആവശ്യപ്പെടുന്നത്. നാട്ടുകാരുടെ നിർദേശവും കുളത്തിലിറങ്ങുന്നവർ അനുസരിക്കുന്നില്ലെന്ന പരാതിയും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

