പണവും രുചിയും; മുറ്റത്തൊരുക്കാം മീൻകുളം
text_fieldsകണ്ണൂർ: അടുക്കളയിലേക്ക് വിഷമില്ലാത്ത മത്സ്യവും വരുമാനവും ഉറപ്പാക്കാൻ 'മുറ്റത്തൊരു മീൻതോട്ടം' പദ്ധതിയൊരുങ്ങുന്നു. ഫിഷറീസ് വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് പദ്ധതി നടപ്പാക്കുക. ഇതിനായി പഞ്ചായത്തുകളുടെ വാർഷികപദ്ധതിയിൽ തുക കണ്ടെത്തിയിട്ടുണ്ട്.
എല്ലാ പഞ്ചായത്തിലും പദ്ധതി നടപ്പാക്കണമെന്ന് നിർദേശമുള്ളതായാണ് വിവരം. പദ്ധതിക്കായി കുറഞ്ഞത് അര സെന്റ് സ്ഥലമെങ്കിലും ആവശ്യമാണ്.
20,000 രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കുന്നത്. ജനറൽ വിഭാഗത്തിന് അഞ്ച് ശതമാനവും എസ്.സി-എസ്.ടിക്ക് മുഴുവനും സബ്സിഡി ലഭിക്കും. കുഴിയൊരുക്കൽ, പടുത വിരിക്കൽ, ഓക്സിജൻ അളവ് നിലനിർത്താനാവശ്യമായ സംവിധാനം എന്നിവക്കായി തുക വിനിയോഗിക്കാം.
കുളത്തിൽ വളർത്താനുള്ള മീൻകുഞ്ഞുങ്ങളെ ഫിഷറീസ് സൗജന്യമായി നൽകും. പദ്ധതിക്കായി ഉടൻ പഞ്ചായത്തുകളിൽ അപേക്ഷ ക്ഷണിക്കും. ഏതുതരം മീൻകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുകയെന്നത് സംബന്ധിച്ച് ഫിഷറീസ് വകുപ്പ് ഇതുവരെ തീരുമാനിച്ചിട്ടില്ല.
ജീവിതരീതി, തീറ്റക്രമം എന്നിവ കൃത്യമായി മനസ്സിലാക്കിവേണം കുളങ്ങളിലേക്ക് മത്സ്യങ്ങളെ തിരഞ്ഞെടുക്കാന്‍. പദ്ധതി നടപ്പാക്കുകയാണെങ്കിൽ വീട്ടാവശ്യത്തിനുള്ള മത്സ്യവും വിൽപനയിലൂടെ ലഭിക്കുന്ന വരുമാനവും സാധാരണക്കാർക്ക് ആശ്രയമാകും.
പ്രതിരോധശേഷി കൂടിയതും മാർക്കറ്റിൽ ആവശ്യക്കാർ ഏറെയുള്ളതുമായ ഇനം മത്സ്യക്കുഞ്ഞുങ്ങളെ നൽകണമെന്നാണ് കർഷകരുടെ ആവശ്യം. വിവിധ പഞ്ചായത്തുകൾ നീക്കിവെച്ച തുക അനുസരിച്ചാണ് ഉപഭോക്താക്കളുടെ എണ്ണം നിശ്ചയിക്കുക. പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താക്കൾക്ക് പരിശീലനവും ആവശ്യമാണ്.