യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ കേസ്: മുഖ്യപ്രതി റിമാൻഡിൽ
text_fieldsപൊതുവാച്ചേരിയിൽ ചാക്കിൽകെട്ടി കനാലിൽ തള്ളിയ നിലയിൽ കണ്ട യുവാവിെൻറ മൃതദേഹം പൊലീസ് പരിശോധിക്കുന്നു
ചക്കരക്കല്ല്: മോഷണവിവരം പൊലീസിനെ അറിയിച്ചതിെൻറ പ്രതികാരത്തിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി റിമാൻഡിൽ. ചക്കരക്കല്ലിലെ പ്രശാന്തി നിവാസിൽ ഇ. പ്രജീഷിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി കനാലിൽ തള്ളിയ കേസിലെ മുഖ്യപ്രതി പൊതുവാച്ചേരിയിലെ കൊല്ലറോത്ത് അബ്ദുൽ ഷുക്കൂറിനെയാണ് കോടതി റിമാൻഡ് ചെയ്തത്.
തലശ്ശേരി സി.ജെ.എം കോടതി മജിസ്ട്രേറ്റ് അവധിയായതിനാൽ തളിപ്പറമ്പ് കോടതിയിലെ മജിസ്ട്രേറ്റ് മുമ്പാകെയാണ് ഇയാളെ ഹാജരാക്കിയത്. പ്രാഥമിക തെളിവെടുപ്പിനു ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
വീട് നിർമിക്കാൻ കൊണ്ടുവെച്ച മര ഉരുപ്പടികൾ മോഷണം പോയ കേസിൽ പൊലീസിന് വിവരങ്ങൾ കൈമാറിയതായുള്ള സംശയത്തെത്തുടർന്നാണ് ഷുക്കൂർ പ്രജീഷിനെ കൊലപ്പെടുത്തിയത്. കേസിലെ മറ്റൊരു പ്രതി മുഴപ്പാല സ്വദേശി സി.പി. പ്രശാന്തനെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു.