മൈതാനപ്പള്ളി-ചിറമ്മൽ പാലം പുനർനിർമാണം കടലാസിൽ ഉറങ്ങുന്നു
text_fields1. മൂന്നു പതിറ്റാണ്ടു മുമ്പ് നിർമിച്ച മൈതാനപ്പള്ളി -ആദികടലായി -ചിറമ്മൽ പാലം 2. മൈതാനപ്പള്ളി-ആദികടലായി-ചിറമ്മൽ
പാലത്തിന്റെ അപകടാവസ്ഥയിലായ തൂണുകൾ
കണ്ണൂർ: മൂന്നര പതിറ്റാണ്ടു മുന്നെ നിർമിച്ച കണ്ണൂർ സിറ്റി മൈതാനപ്പള്ളി -ആദികടലായി-ചിറമ്മൽ പാലത്തിന്റെ പുനർനിർമാണത്തിനായി പ്രദേശവാസികളുടെ മുറവിളി. എട്ടുവർഷം മുന്നേ പുതിയപാലം നിർമിക്കാനായി മൂന്നു കോടി അനുവദിച്ചെങ്കിലും പിന്നീട് അത് ജലരേഖയായി മാറി. ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കും മാത്രം പോകാനാവുന്ന പാലത്തിന്റെ പുനർനിർമാണം അനിവാര്യമാണ്.
35 വർഷം മുന്നേ പാലം നിർമിക്കുമ്പോൾ വിരലിലെണ്ണാവുന്ന കുടുംബങ്ങൾ മാത്രമായിരുന്നു താമസം. എന്നാൽ ഇന്ന് സ്ഥിതിമാറി. നൂറുകണക്കിന് കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. ഇവർക്ക് കണ്ണൂരിൽനിന്ന് മൈതാനപ്പള്ളി വഴി ആദികടലായിലെത്താവുന്ന എളുപ്പവഴികൂടിയാണിത്. നിലവിൽ വലിയ വാഹനമുള്ളവർ കുറുവ ആദികടലായി പോയി ചുറ്റിത്തിരിയേണ്ട സ്ഥിതിയാണ്. വിദ്യാർഥികൾ, ജീവനക്കാർ, തൊഴിലാളികളടക്കം നൂറുകണക്കിന് പേരാണ് ഇതുമൂലം പ്രയാസമനുഭവിക്കുന്നത്.
എട്ടു വർഷങ്ങൾക്കു മുന്നെ പാലം നിർമാണത്തിന് ഫണ്ട് പാസായതായി കാണിച്ച് ഫ്ലക്സ് ബോർഡുകളടക്കം സ്ഥാപിച്ചിരുന്നു. എന്നാൽ, പാലം പ്രവൃത്തിയുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ എവിടെയുമെത്തിയില്ല. കൂടാതെ കാലപ്പഴക്കം കാരണം നിലവിലുള്ള പാലം ഏതു സമയവും തകരാവുന്ന സ്ഥിതിയാണ്. തൂണുകൾ ദ്രവിച്ചിട്ടുണ്ട്. പലയിടങ്ങളായി പാലത്തിന്റെ കമ്പികൾ പൊളിഞ്ഞിട്ടുണ്ട്.
തയ്യിൽ -കുറുവ ഭാഗങ്ങളിൾ ഗതാഗതക്കുരുക്കുണ്ടായാൽ എളുപ്പത്തിൽ തോട്ടട ജെ.ടി.എസ് ജങ്ഷനിലേക്ക് എത്തിപ്പെടാവുന്ന റോഡുകൂടിയാണിത്. എന്നാൽ, ഇടുങ്ങിയ പാലമായതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ല. പുതിയപാലം നിർമാണം വൈകുന്നതിലെ സർക്കാറിന്റെ അനാസ്ഥക്കെതിരെ പ്രദേശത്ത് പ്രതിഷേധം പുകയുകയാണ്. വരും ദിവസങ്ങളിൽ പ്രത്യക്ഷ സമരങ്ങളിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

